കുടുംബം ദൈവീക ദാനമാണ്
കുടുംബ ബന്ധങ്ങള്‍ തകരുന്ന വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ക്കു പുതുമകളൊന്നുമില്ല എന്നതാണ് പ്രത്യേകത.
വ്യക്തികളോ കുടുംബാംഗങ്ങള്‍ ഒന്നിച്ചോ ആത്മഹത്യ ചെയ്യുന്നു. വിവാഹ ബന്ധങ്ങള്‍ വേര്‍ പിരിയുന്നു. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നു, ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നു, കുട്ടികളെ അനാഥാലയങ്ങളില്‍ എത്തിക്കുന്നു. ഇതൊക്കെ നമ്മുടെ നാട്ടില്‍ സ്ഥിരം സംഭവങ്ങളാണ്.
കുടുംബം എന്നത് ദൈവീക ദാനമാണ്. അതിന്റെ അടിസ്ഥാനം ദൈവമാണ്. അടിസ്ഥാനം മാറ്റിയാല്‍ എല്ലാം തകിടം മറിയും. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കുടുംബ നാഥനാണ്. ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ സാധിക്കണം.
അംഗങ്ങളുമായി സ്നേഹത്തോടും സഹകരണത്തോടുംകൂടെ വര്‍ത്തിക്കുന്ന സ്വഭാവം ഉണ്ടായിരിക്കണം. ഈ കാലത്ത് മനുഷ്യ ബന്ധം ഞെട്ടറ്റു വീഴുന്ന ഇലപോലെയാണ്. ഏതു സമയത്തും നിലംപൊത്താം. ബന്ധങ്ങളില്‍ വളരെയധികം പരസ്പര വിശ്വാസം കാത്തു സൂക്ഷിക്കണം. കുടുംബ ബന്ധങ്ങളില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ നാം സ്വയം ത്യജിക്കണം.
മറ്റുള്ളവരെ ശുശ്രൂഷിക്കണം. അതായത് സ്വയം തുനിഞ്ഞ് മറ്റുള്ളവരുമായി സഹകരിച്ച് പോയെങ്കലേ മുന്നോട്ട് ജീവിക്കുവാന്‍ സാദ്ധ്യമാകു. വളരെയധികം ഭീതിജനകമായി തോന്നുന്ന കാര്യം, നിസ്സാര കാര്യത്തിനുപോലും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുന്നു എന്നതാണ്. അത് തിരഞ്ഞെടുക്കുന്നത് ചെറുപ്പക്കാരായ കുടുംബസ്ഥര്‍ ആണ്.
ഒരു കുടുംബം നന്നാക്കുന്നതും നശിപ്പിക്കുന്നതും അവരവര്‍ തന്നെയാണ്. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സമാധാന പൂര്‍ണ്ണമായ കുടുംബ ജീവിതം നയിക്കുവാന്‍ സാധിക്കും. ഒന്നാമത് വരുമാനത്തില്‍ കവിഞ്ഞുള്ള ചിലവ് അരുത്. രണ്ടാമത് കടം വാങ്ങരുത്. അത്യാവശ്യമെങ്കില്‍ വീട്ടുവാനുള്ള വഴി കണ്ടെത്തി വാങ്ങുക.
മൂന്നാമത് പരസ്പരം തുറന്നു സംസാരിക്കുക. നാലാമത് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. അഞ്ചാമത് സ്നേഹിക്കുക, സ്നേഹിക്കപ്പെടുക. ആറാമതായി വിശ്വസിക്കുക. ഏഴാമതായി പരസ്പരം സഹകരിക്കുക. എട്ടാമതായി നിരാശപ്പെടാതിരിക്കുക. ഒമ്പതാമതായി കഠിനമായി അദ്ധ്വാനിക്കുക. പത്താമതായി ദൈവത്തിനു കീഴ്പ്പെട്ടിരിക്കുക. ഈ വക കാര്യങ്ങള്‍ നിങ്ങളുടെ കുടുംബ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക, എങ്കില്‍ നിങ്ങള്‍ വിജയിക്കും തീര്‍ച്ച.
മനുഷ്യരുടെ മുമ്പില്‍ രണ്ടു വഴിയുണ്ട്. ഒന്ന് നാശത്തിലേക്കും, രണ്ടാമത് ജീവിതത്തിലേക്കും ഉള്ളത്. അത് തിരഞ്ഞെടുക്കുവാനുള്ള അവകാശം മനുഷ്യര്‍ക്കു മാത്രമാണ്. “നല്ല വൃക്ഷത്തിന് ആകാത്ത ഫലവും, ആകാത്ത വൃക്ഷത്തിന് നല്ല ഫലവും കായ്ക്കുവാന്‍ കഴിയുകയില്ല”. (മത്തായി 7:18) പ്രീയമുള്ളവരെ വളരെ ഫലപ്രദവും സമാധാന പൂര്‍ണ്ണവുമായ കുടുംബ ജീവിതം നയിക്കുവാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ.
അതിനു ഉതകുന്ന വിധത്തില്‍ 10 പടികള്‍ ചൂണ്ടിക്കാട്ടി. ഇവ പാലിച്ചാല്‍ നമ്മുടെ കുടുംബ ജീവിതം ധന്യമാകും, അവ നിലനില്‍ക്കും. മറിച്ചാണെങ്കില്‍ നമുക്ക് സമാധാനത്തോടെ നിലനില്‍ക്കുവാന്‍ , ജീവിക്കുവാന്‍ സാധിക്കുകയില്ല. നമ്മള്‍ ഇരുമെയ്യും ഇരു മനസ്സുമായി ലോകക്കാരുടെ മുമ്പില്‍ അഭിനയിച്ചു ജീവിച്ചു കാണിക്കാമെന്നു മാത്രം.
ഇങ്ങനെ ജീവച്ചാലും നമ്മുടെ ജീവിതം സംതൃപ്തി നിറഞ്ഞതാവുകയില്ല. പ്രശ്ന കലുഷിതമായ ദാമ്പത്യ ജീവിതമായിരിക്കും നയിക്കപ്പെടുക. അതുണ്ടാവാതിരിപ്പാന്‍ എല്ലാവരും ശ്രദ്ധിക്കുക.
പാസ്റ്റര്‍ ഷാജി. എസ്.