മട്ടാഞ്ചേരിയിലെ ചരിത്രമുറങ്ങുന്ന യഹൂദ സിനെഗോഗ് മഴയില്‍ തകര്‍ന്നു

മട്ടാഞ്ചേരിയിലെ ചരിത്രമുറങ്ങുന്ന യഹൂദ സിനെഗോഗ് മഴയില്‍ തകര്‍ന്നു

Breaking News Kerala

മട്ടാഞ്ചേരിയിലെ ചരിത്രമുറങ്ങുന്ന യഹൂദ സിനെഗോഗ് മഴയില്‍ തകര്‍ന്നു
കൊച്ചി: യഹൂദന്മാരുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മട്ടാഞ്ചേരിയിലെ കറുത്ത യഹൂദന്മാരുടെ സിനെഗോഗ് മഴയില്‍ തകര്‍ന്നു വീണു. കാലങ്ങളായി പരിപാലിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം സെപ്റ്റംബര്‍ 10-ന് ചൊവ്വാഴ്ച ഉച്ചയോടെ മഴയില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍
പറഞ്ഞു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കറുത്ത യഹൂദ സിനെഗോഗ് സ്വദേശിയരായ യഹൂദന്മാര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ പ്രാര്‍ത്ഥനകളൊന്നും നടക്കുന്നില്ല. സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കിയ സിനെഗോഗ് ഗോഡൌണ്‍ ആയി വരെ ഉപയോഗിച്ചിരുന്നു. സിനെഗോഗിന്റെ മുഖപ്പ് ഉള്‍പ്പെടെ ചിലര്‍ എടുത്തുകൊണ്ടു പോയതായി പ്രദേശ വാസികള്‍ പറയുന്നു., ചരിത്ര സ്മാരകമായ ഈ സിനെഗോഗ് സര്‍ക്കാര്‍ ഏറ്റെടുത്ത് പരിപാലിക്കുമെന്ന് പറഞ്ഞിരുന്നു.

ഇതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 92 ലക്ഷം രൂപ ടൂറിസം വകുപ്പിനു കൈമാറിയിരുന്നതാണ്. പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനിടെയാണ് നിലംപൊത്തിയത്. തദ്ദേശിയ യഹൂദരെന്ന് അറിയപ്പെട്ടിരുന്ന ആദ്യകാല യഹൂദ കുടിയേറ്റക്കാരുടെ പിന്‍മുറക്കാര്‍ നിര്‍മ്മിച്ച ഡച്ച് വാസ്തുവിദ്യ പ്രകാരമുള്ള കെട്ടിടത്തിന് 400 വര്‍ഷത്തിലേറെ പഴക്കമുണ്ട്.

കൊച്ചിയിലെ കുടിയേറ്റത്തിന്റെയും യഹൂദന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന വംശ വിവേചനത്തിന്റെയും ചരിത്രംകൂടി ഈ സിനെഗോഗിനുണ്ടായിരുന്നു. ഇന്ത്യാ ഭൂഖണ്ഡത്തില്‍ ആദ്യം കുടിയേറിയ യഹൂദന്മാരുടെ പിന്മുറക്കാരാണ് ഈ സിനെഗോഗ് നിര്‍മ്മിച്ചത്. കൊച്ചിയില്‍ ആദ്യം നിര്‍മ്മിച്ചത് യഹൂദത്തെരുവിലെ വെളുത്ത യഹൂദന്മാരുടെ സിനെഗോഗായിരുന്നു.

1568-ലായിരുന്നു അത്. അതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കറുത്ത യഹൂദന്മാര്‍ കൊടുങ്ങല്ലൂരിലും പിന്നീട് കൊച്ചിയിലും എത്തിയിരുന്നു. 16-17 നൂറ്റാണ്ടുകളില്‍ സ്പെയിനില്‍ നിന്നും മറ്റും കുടിയേറിയ വെളുത്ത യഹൂദന്മാരെന്നും പരദേശി യഹൂദരെന്നും അറിയപ്പെട്ടവര്‍ തദ്ദേശീയ യഹൂദന്മാരെ കറുത്ത യഹൂദരായും മലബാര്‍ യഹൂദരായുമാണ് കണക്കാക്കിയിരുന്നത്.

ആദ്യ കാലത്ത് യഹൂദത്തെരുവിലെ സിനെഗോഗില്‍ കടുത്ത യഹൂദരെ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിവേചനം നിലനിന്നിരുന്നു. പിന്നീട് അവരെ ബഹിഷ്ക്കരിക്കാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് കറുത്ത യഹൂദന്മാര്‍ തങ്ങള്‍ക്കായി മാത്രം ഒരി പ്രാര്‍ത്ഥനാലയം മട്ടാഞ്ചേരി ജെട്ടിക്കു സമീപം നിര്‍മ്മിച്ചത്. യിസ്രായേല്‍ രൂപീകരിച്ചശേഷം ബഹുഭൂരിപക്ഷം പേരും സ്വന്ത നാട്ടിലേക്കു തിരികെ പോയതോടെ മറ്റു പല സിനെഗോഗുകളിലും ആളുകളില്ലാതെ വന്നതുപോലെ ആയി ഈ സിനെഗോഗും.

സ്വകാര്യ കൈവശാവകാശത്തിലായ ഈ കെട്ടിടം അറ്റകുറ്റപ്പണികളില്ലാതെ തകര്‍ച്ചയിലായപ്പോള്‍ കയറിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും ഗോഡൌണായി മാറ്റപ്പെട്ടു. 2001-ല്‍ റജീന തര്യന്‍ എന്ന വ്യക്തി വാങ്ങിയ കെട്ടിടം ടൂറിസം വകുപ്പിന്റെയും പ്രദേശ വാസികളുടെയും ആവശ്യത്തെത്തുടര്‍ന്നാണ് സുരക്ഷിത സ്മാരകമാക്കാന്‍ 2017-ല്‍ എല്‍ ‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.

അപ്രകാരം 8.5 സെന്റ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാനായി 92 ലക്ഷം ടൂറിസം വകുപ്പിന് നല്‍കുകയുണ്ടായി. റവന്യു വകുപ്പ് ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിപ്പിക്കുന്നതിനിടയിലാണ് യഹൂദ ചരിത്രത്തിന്റെ ഒരു ചരിത്ര സാക്ഷിയായ ഈ സിന്നഗോഗ് നിലംപൊത്തിയത്.