യേശുവിനെ കാണാന്‍ മരിക്കുവാന്‍ ആഹ്വാനം ചെയ്ത ദുരുപദേശകന്‍; പട്ടിണി കിടന്നവരെ ജീവനോടെ കുഴിച്ചുമൂടി
നെയ്റോബി: യേശുവിനെ കാണാന്‍ പട്ടിണി കിടന്നു മരിക്കാന്‍ ആഹ്വാനം ചെയ്ത കെനിയന്‍ ദുരുപദേശക സഭയുടെ സ്വയം പ്രഖ്യാപിത പാസ്റ്റര്‍ ചെയ്ത തന്റെ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തുന്നു.
തെക്കു കിഴക്കന്‍ കെനിയയിലെ ഷക്കഹോല വനത്തില്‍ 429 മൃതദേഹങ്ങള്‍ അടക്കിയ കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഗുഡ്ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ ചീഫ് പാസ്റ്ററായ പോള്‍ എന്തെങ് മക്കെന്‍സിയാണ് തന്റെ ക്രൂര കൃത്യങ്ങള്‍ വെളിപ്പെടുത്തിയത്.
യേശുവിനെ കണ്ടുമുട്ടാന്‍ തയ്യാറെടുക്കുന്നതിനായി തന്റെ അനുയായികളെ പട്ടിണി കിടക്കാന്‍ പ്രോത്സാഹിപ്പിച്ച മക്കന്‍സി ഇപ്പോള്‍ കൂട്ടക്കൊലപാതകം, ക്രൂരത, സാമൂഹിക തിന്മ കുട്ടികളെ പീഢിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുകയാണ്.
ഈ ഹീനമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 90 ലധികം കൂട്ടാളികളായ വ്യക്തികള്‍ക്കെതിരെയും കുറ്റം ചുമത്തും. തന്റെ സഭയില്‍നിന്ന് മെലിഞ്ഞ് അവശരായ 15 അംഗങ്ങളെ അന്വേഷണ സംഘം രക്ഷപെടുത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.
ദൌര്‍ഭാഗ്യമെന്നു പറയട്ടെ അവരില്‍ 4 പേര്‍ പിന്നീട് മരണത്തിനു കീഴടങ്ങി. അഞ്ച് ദിവസത്തോളം വെള്ളമോ ഭക്ഷണമോ നല്‍കാതെ ഒതുക്കി. അവശരായ ഇവരെ ജീവനോടെ തന്നെ കുഴിച്ചു മൂടിയതായി രക്ഷപെട്ടവര്‍ വിവരിച്ചു. ഇതില്‍ മുന്‍ ഡെപ്യൂട്ടി പാസ്റ്റര്‍ ടൈറ്റസ് കട്ടാന ഈ ക്രൂരത അന്വേഷണ സംഘത്തിന്റെ മുമ്പില്‍ സമ്മതിക്കുകയുണ്ടായി.
ഗുരുതരമായ തെളിവുകള്‍ ഉണ്ടായിട്ടും മരണത്തെക്കുറിച്ചു നിഗൂഢത അവകാശപ്പെടുന്ന മക്കെന്‍സി ഇതെല്ലാം നിഷേധിക്കുന്നുണ്ട്. സ്വയം പ്രഖ്യാപിത പാസ്റ്റര്‍മാരുടെയും ദുരുപദേശക പ്രസ്ഥാനങ്ങളുടെയും ഈറ്റില്ലമായ കെനിയയില്‍ ഇതൊക്കെ സര്‍വ്വ സാധാരണാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത ചര്‍ച്ചുകള്‍ 4000 ത്തിലധികമുണ്ട്. വ്യജ പ്രവാചകന്മാരെക്കുറിച്ച് യേശുതന്നെ തന്റെ പരസ്യ ശുശ്രൂഷാ സമയത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍, അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നയ്ക്കള്‍ ആകുന്നു.
അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാം. (മത്തായി 7: 15,16) അപ്പോസ്തോലനായ യോഹന്നാനും ഇതേക്കുറിച്ച് വെളിപ്പെടുത്തി: പ്രീയമുള്ളവരെ കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍നിന്നുള്ളവയോ എന്ന് ശോധന ചെയ്യുവിന്‍. (1 യോഹ.4:1).

