യു.എസില്‍ ആദ്യമായി നൈട്രജന്‍ ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കി; ശിക്ഷ ഭാര്യയെ കൊല്ലാന്‍ പാസ്റ്റര്‍ നല്‍കിയ ക്വൊട്ടേഷന്‍ കേസില്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കി. അലബാമയില്‍ യൂജിന്‍ സ്മിത്ത് എന്ന 58 കാരനാണ് വധശിക്ഷയ്ക്കു വിധേയനായത്.
1988 മാര്‍ച്ച് 18-ന് അലബാമയിലെ ഷെഫീല്‍ഡില്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ പാസ്റ്റര്‍ ചാള്‍സ് സെനറ്റിന്റെ ഭാര്യ എലിസബത്ത് സെനറ്റ് (45) ക്രൂരമായി കൊല്ലപ്പെട്ട കേസിലാണ് 36 വര്‍ഷത്തിനുശേഷം വധശിക്ഷ നടപ്പിലാക്കിയത്.
കടുത്ത കടബാധ്യതയില്‍ കഴിഞ്ഞിരുന്ന പാസ്റ്റര്‍ തന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി രണ്ടു വാടകക്കൊലയാളികളെ നിയോഗിക്കുകയായിരുന്നു.
സ്മിത്തിനെ കൂടാതെ ജോണ്‍പാര്‍ക്കര്‍ എന്നയാളായിരുന്നു കൂട്ടുപ്രതി. ഇരുവരും എലിസബത്ത് വീട്ടില്‍ ഇരിക്കുമ്പോള്‍ മാരകായുധങ്ങളുമായി കയറിവന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം സംഭവത്തിന്റെ നിജസ്ഥിതി ആര്‍ക്കും മനസ്സിലായില്ല. മോഷണത്തിനായി കൊലനടത്തിയതുപോലെയായിരുന്നു അത്. ഒടുവില്‍ ഭര്‍ത്താവിങ്കലേക്ക് അന്വേഷണം കേന്ദ്രീകരിച്ചപ്പോള്‍ ചാള്‍സ് ആത്മഹത്യ ചെയ്തു. കേസില്‍ പാര്‍ക്കറെയും വധിച്ചു. ചാള്‍സ് എലിസബത്ത് ദമ്പതികള്‍ക്ക് രണ്ടു ആണ്‍മക്കളുണ്ട്.
നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള കൊലപാതകിയുടെ വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം യു.എസ്. സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.
മരണ അറയില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു റെസ്പിറേറ്ററിലൂടെ വാതകം ശ്വസിക്കാന്‍ പ്രേരിപ്പിക്കും. ശരീരത്തിലെ ഓക്സിജന്‍ നഷ്ടപ്പെടുകയും മരിക്കുന്നതിനു മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്യും.
അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് 4 മുതല്‍ 6 ശതമാനം വരെയാണെങ്കില്‍ 40 സെക്കന്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യുമെന്ന് വൈദ്യശാസ്ത്രം വിശദീകരിക്കുന്നു.

