ജയിലിലെ സുഖം വീട്ടില്‍ കിട്ടുകയില്ല, വീണ്ടും ജയിലിലെത്താന്‍ ഒരു തട്ടിക്കൂട്ട് മോഷണം

ജയിലിലെ സുഖം വീട്ടില്‍ കിട്ടുകയില്ല, വീണ്ടും ജയിലിലെത്താന്‍ ഒരു തട്ടിക്കൂട്ട് മോഷണം

Breaking News India

ജയിലിലെ സുഖം വീട്ടില്‍ കിട്ടുകയില്ല, വീണ്ടും ജയിലിലെത്താന്‍ ഒരു തട്ടിക്കൂട്ട് മോഷണം
ചെന്നൈ: പഴയകാല ജയില്‍ ആഹാരം ഗോതമ്പ് ഉണ്ടയും സാദാ കഞ്ഞിയുമൊക്കെയായിരുന്നു. അന്നത്തെപ്പോലെ കഠിന ജോലികളും ഇന്ന് അന്യമായി.

ഇപ്പോള്‍ പല ജയിലുകളിലും ചിക്കനും മട്ടനുമൊക്കെ വിളമ്പുന്ന ഹൈടെക് ജയിലുകളായി. ഒരിക്കലെങ്കിലും ഇത്തരം ജയിലുകളില്‍ കഴിഞ്ഞ മടിയന്മാര്‍ ജയില്‍വാസം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ജയിലിലെ സുഖവാസ ജീവിതം വീണ്ടും ആശിച്ചുപോകും. തമിഴ്നാട് സ്വദേശിയായ ജ്ഞാന പ്രകാശത്തിന്റെ (52) ജീവിതത്തിലും ജയില്‍ പ്രേമം കയറിയതാണ് വാര്‍ത്തയായത്.

മൂന്നു മാസങ്ങള്‍ക്കു മുമ്പ് മോഷണക്കേസിലാണ് ജ്ഞാന പ്രകാശത്തെ പോലീസ് പടികൂടിയത്. പുഴല്‍ ജയിലില്‍ തടവിലാക്കുകയും ചെയ്തു. ജയിലില്‍നിന്നും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജ്ഞാന പ്രകാശം വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ മോശമായി പെരുമാറിയെന്നും ഇനി എങ്ങനെയെങ്കിലും ജയിലില്‍ തിരിച്ചെത്തിയാല്‍ മതിയെന്നും ബുദ്ധി തോന്നി. ജ്ഞാന പ്രകാശം കൂടുതലൊന്നും തലപുകഞ്ഞ് സമയം കളഞ്ഞില്ല.

ഇതിനായി ആദ്യം പറ്റിയ ഒരു സ്ഥലം അന്വേഷിച്ചു. പോലീസുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ എളുപ്പത്തില്‍ പടികൂടുവാനുള്ള ഒരു സാഹചര്യം ഒരുക്കാനായി സി.സി.ടി.വി. ക്യാമറ സ്ഥാപിച്ച ഒരു സ്ഥലം നോക്കിയശേഷം അവിടെ പാര്‍ക്കു ചെയ്തിരുന്ന ഒരു ബൈക്കുമായി കടന്നു കളയാനാണ് ശ്രമിച്ചത്.

മോഷണ ബൈക്കില്‍ യാത്ര ചെയ്യവേ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ജ്ഞാനപ്രകാശം തന്റെ മനസ്സു തുറന്നു. അവസാനം തന്റെ ആഗ്രഹം പോലെ വീണ്ടും പുഴല്‍ ജയിലില്‍ എത്തിയിരിക്കുകയാണ് ജ്ഞാന പ്രകാശം.