മധ്യപ്രദേശില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിക്ക് പരിക്കേറ്റു

മധ്യപ്രദേശില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിക്ക് പരിക്കേറ്റു

Breaking News India

മധ്യപ്രദേശില്‍ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം; വിശ്വാസിക്ക് പരിക്കേറ്റു
ഇന്‍ഡോര്‍ ‍: മധ്യപ്രദേശില്‍ 3 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തിന്റെ സമാപന ദിവസം പുറത്തുനിന്നുമെത്തിയ ഒരു സംഘം ആളുകള്‍ എത്തി അലങ്കോലപ്പെടുത്തുകയും വിശ്വാസിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ഏപ്രില്‍ 19-ന് ദുഃഖവെള്ളിയാഴ്ച ഇന്‍ഡോര്‍ ജില്ലയിലെ സാന്‍വാറില്‍ അനുഗ്രഹ് ആരാധനാ ഭവന്‍ സഭയിലെ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തിലാണ് അതിക്രമം നടന്നത്. വെള്ളിയാഴ്ച സഭാ പാസ്റ്റര്‍ കരണ്‍ സിംഗ് ദൈവവചനം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി ബെല്ലടിച്ചുകൊണ്ടിരുന്നു.

പാസ്റ്റര്‍ വിശ്വാസിയായ ഭരതിനോട് ഫോണുമായി പുറത്തുപോയി കോള്‍ അറ്റന്റു ചെയ്യാന്‍ പറഞ്ഞു. ഭരത് പ്രാര്‍ത്ഥനാ ഹാളില്‍നിന്നു പുറത്തിറങ്ങി. എന്നാല്‍ കുറെയധികം സമയം കഴിഞ്ഞിട്ടും ഇദ്ദേഹം തിരികെ വരാത്തതിനെത്തുടര്‍ന്നു പാസ്റ്റര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ അപരിചിതരായ നാലുപേര്‍ ഭരതിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശമാക്കിയ കാഴ്ചയാണ് കണ്ടത്.

പാസ്റ്ററെയും വിശ്വാസികളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു കയ്യേറ്റത്തിനു മുതിരുകയും ചെയ്തു. പാസ്റ്റര്‍ സാന്‍വാര്‍ പോലീസ് സ്റ്റേഷനില്‍ ഫോണില്‍ വിവിരം അറിയിച്ചു. ഉടന്‍തന്നെ പോലീസ് ജീപ്പ് സ്ഥലത്തെത്തി. പോലീസ് അക്രമികളോടു സ്ഥലത്തുനിന്നു പോകുവാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പാസ്റ്റര്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ അക്രമികളോടു ക്ഷമിക്കുകയാണ് ചെയ്തത്. പാസ്റ്റര്‍ കരണിന്റെ സ്വന്തം കെട്ടിടത്തിലാണ് പ്രാര്‍ത്ഥനാ യോഗം നടത്തുന്നത്. ഒരു വര്‍ഷത്തിലേറെയായി ഭരത് ഈ സഭയില്‍ കടന്നുവന്നു കര്‍ത്താവിനെ ആരാധിക്കുന്നു.

വിശ്വാസികള്‍ കടന്നു വരുന്നതില്‍ എതിര്‍പ്പുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് പാസ്റ്റര്‍ പറഞ്ഞു. 2019-ല്‍ 3 മാസം പിന്നിട്ടപ്പോള്‍ മദ്ധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ 4 അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.