മാന്ത്രിക ശക്തി കൂട്ടാന്‍ നാലുവയസുകാരിയെ ബലി അര്‍പ്പിച്ച സ്ത്രീ അറസ്റ്റില്‍

Breaking News India

മാന്ത്രിക ശക്തി കൂട്ടാന്‍ നാലുവയസുകാരിയെ ബലി അര്‍പ്പിച്ച സ്ത്രീ അറസ്റ്റില്‍
ചെന്നൈ: മാന്ത്രിക ശക്തി കൂട്ടാന്‍ നാലു വയസുകാരിയെ കഴുത്തറത്തു ബലി നല്‍കിയ സ്ത്രീയ പോലീസ് അറസ്റ്റു ചെയ്തു.

തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ കുരുമ്പട്ടി ഗ്രാമത്തിലെ ചിന്നപ്പിള്ളയെയാണ് അറസ്റ്റു ചെയ്തത്. ഇതേ ഗ്രാമംത്തിലെ വേലുച്ചാമി-മുരുഗയി ദമ്പതികളുടെ മകളെയാണ് ബലി നല്‍കിയത്.
കഴിഞ്ഞമാസം 25-നു കുഞ്ഞിനെ കാണാതാകുകയായിരുന്നു.

തിങ്കളാഴ്ച ഗ്രാമത്തിനു സമീപമുള്ള വനത്തില്‍നിന്നും ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. നാട്ടുകാരുടെ സംശയത്തെത്തുടര്‍ന്നാണ് ചിന്നപ്പിള്ളയെ പോലീസ് കസ്റ്റഡിയിലടുത്തത്. ഇവരുടെ തലമുടിയില്‍ രക്തക്കറ കണ്ടതാണ് സംശയത്തിനു കാരണമായത്.

കൊലപാതകം ആസൂത്രണം ചെയ്തതിനു തെളിവായി ഫോണ്‍ കോളുകള്‍ സംബന്ധിച്ച വിശദാംശങ്ങളും പോലീസിനു ലഭിച്ചു. ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഗ്രാമത്തില്‍ മന്ത്രവീദിനിയെന്ന നിലയില്‍ ചിന്നപ്പിള്ള പ്രശസ്തയായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് ഇവരുടെ മന്ത്രവാദങ്ങള്‍ക്ക് വേണ്ടത്ര ഫലം കാണാതെ വന്നത് തിരിച്ചടി നേരിടുവാന്‍ കാരണമായിരുന്നു.

പനി ബാധിച്ച ഒരു ഗ്രാമീണന്‍ രോഗമോചിതനാകുമെന്ന് ചിന്നപ്പിള്ള പ്രവചിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചു. ഇതിനെത്തുടര്‍ന്നു മന്ത്രശക്തി കൂട്ടാനാണ് കുഞ്ഞിനെ ബലി അര്‍പ്പിച്ചതെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.