അന്ന് പോണ്‍ ചിത്രങ്ങളുടെ അറിയപ്പെടുന്ന നടി, ഇന്ന് സുവിശേഷ പ്രസംഗക

Breaking News USA

അന്ന് പോണ്‍ ചിത്രങ്ങളുടെ അറിയപ്പെടുന്ന നടി, ഇന്ന് സുവിശേഷ പ്രസംഗക
കാലിഫോര്‍ണിയ: ഒരു കാലത്ത് സിനിമാ ലോകത്ത് ജെന്ന പ്രെസ്ളി എന്ന് അറിയപ്പെട്ടിരുന്ന പോണ്‍ താരം (അശ്ളീല ചിത്രങ്ങളിലെ നായിക) ബ്ര്രിട്ടിണി ഡെ ല മോറ ഇപ്പോള്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന തിരക്കിലാണ്.

ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടിണി ലഹരിക്ക് അടിമയായിരുന്നു. പലപ്പോഴും വാടക കൊടുക്കാന്‍ പോലും പണം ഇല്ലാതെ വന്നപ്പോള്‍ അത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നു. 16-ാം വയസ്സിലായിരുന്നു ബ്രിട്ടിണി പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തുന്നത്. സുഹൃത്തിനൊപ്പം മെക്സിക്കോയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ബ്രിട്ടിണിയുടെ ജീവിതം താളം തെറ്റിയത്.

ഒരു നൈറ്റ് ക്ലബ്ബില്‍ എത്തിയശേഷം മദ്യപിച്ച് ലക്കു കെട്ടതോടെയാണ് ബ്രിട്ടിണിയുടെ പോണ്‍ ജീവിതത്തിനു തുടക്കമായത്. തുടര്‍ന്നു താന്‍ അഡല്‍ട്ട് ചിത്ര നിര്‍മ്മാതാക്കളുടെ പക്കല്‍ എത്തപ്പെടുകയായിരുന്നു. ഇതോടെ ബ്രിട്ടിണി അറിയപ്പെട്ട താരമായി. രണ്ടു മാസത്തിനുശേഷം ഇവര്‍ ഹെറോയിന് അടിമയായി. പോണ്‍ അഭിനയ ജീവിതത്തിലൂടെ 30,000 യു.എസ് ഡോളര്‍ ബ്രിട്ടിണി സമ്പാദിച്ചിരുന്നു. 370 ഓളം ചിത്രങ്ങളില്‍ അഭിനയിക്കുകയുണ്ടായി.

6 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബ്രിട്ടിണിയുടെ ജീവിത വഴിയുടെ ദിശ മാറുവാനിടയായത്. സ്വന്ത ദേശമായ ലോസ് ഏഞ്ചല്‍സില്‍നിന്നും വലിയമ്മയ്ക്കൊപ്പം സാന്‍ഡിയാഗോയിലേക്കു താമസം മാറ്റി. വലിയമ്മ ഒരു ചര്‍ച്ചില്‍ ആരാധനയ്ക്കു പോകാറുണ്ടായിരുന്നു.

ജീവിതത്തില്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ വലിയമ്മയുടെ നിര്‍ബന്ധത്താല്‍ ചര്‍ച്ചില്‍ ആരാധനയ്ക്കു പങ്കെടുക്കുവാനിടയായി. എന്നാല്‍ ചര്‍ച്ചില്‍ പോയപ്പോഴും ഇടയ്ക്ക് ലാസ് വിഗാസിലെ പോണ്‍ ഇന്‍ഡസ്ട്രിയിലും അഭിനയത്തിനായി സമയം കണ്ടെത്തി പോകാനും ബ്രിട്ടിണി തയ്യാറായി. ഇങ്ങനെ ഒരു ദിവസം വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന വിശുദ്ധ വേദപുസ്തകം തുറന്നു വായിക്കുവാനിടയായി.

വെളിപ്പാടു പുസ്തകം 2:20,21 വാക്യങ്ങളാണ് ബ്രിട്ടിണിയുടെ കണ്ണില്‍ പെട്ടത്. വാക്യം” എങ്കിലും താന്‍ പ്രവാചകി എന്നു പറഞ്ഞു ദുര്‍ന്നടപ്പു ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കുകയും തെറ്റിച്ചു കളകയും ചെയ്യുന്ന ഇസബേല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന്‍ ഉണ്ട്. അവള്‍ക്കു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തിട്ടും ദുര്‍ന്നടപ്പു വിട്ടു മാനസാന്തരപ്പെടുവാന്‍ അവള്‍ക്കു മനസ്സില്ല”.

എന്നു വായിച്ചപ്പോള്‍ തനിക്കൊരു ഭാവമാറ്റം ഉണ്ടായി. തന്നെ ഈ വചനങ്ങള്‍ ഏറെ ചിന്തിപ്പിച്ചു. തുടര്‍ന്നു താന്‍ അഭിനയിച്ച രംഗങ്ങള്‍ അവിടംകൊണ്ടു നിര്‍ത്തുകയും ഇനി മേലില്‍ പോണ്‍ സിനിമയ്ക്കായി പോവുകയില്ലെന്നും തീരുമാനമെടുത്തു.

പിന്നീട് ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി സാന്‍ഡിയാഗോയിലെ കോര്‍ണര്‍ ഡേറ്റാണ്‍ ചര്‍ച്ചില്‍ ആരാധനയ്ക്കായി കടന്നു പോയി. പാസ്റ്റര്‍ റിച്ചാര്‍ഡ് ഡി ലാ മോറയാണ് ഇവിടത്തെ സഭാ ശുശ്രൂഷകന്‍ ‍. ഇദ്ദേഹത്തിന്റെ പ്രസംഗം ബ്രിട്ടിണിയെ കൂടുതല്‍ അനുതാപവും മാനസാന്തരവുമുള്ളവളാക്കി. തുടര്‍ന്നു 2016-ല്‍ പാസ്റ്റര്‍ റിച്ചാര്‍ഡും ബ്രിട്ടിണിയും തമ്മില്‍ വിവാഹിതരായി.

ദൈവവചനം കൂടുതല്‍ പഠിച്ച ബ്രിട്ടിണി സഭയിലും യുഎസിന്റെ വിവിധ ഭാഗങ്ങളിലും സുവിശേഷം ശക്തിയായി പ്രസംഗിച്ചു വരുന്നു. പാസ്റ്റര്‍ റിച്ചാര്‍ഡിനും ബ്രിട്ടിണിയ്ക്കും ഇപ്പോള്‍ 31 വയസ്സുണ്ട്. ബ്രിട്ടിണി പോണ്‍ താരങ്ങളായ മറ്റു യുവാക്കള്‍ക്കിടയില്‍ “ജീസസ് ലൌവ്സ് പോണ്‍ സ്റ്റാര്‍സ്” എന്ന പേരില്‍ ഒരു പ്രത്യേക മിനിസ്ട്രി ഉണ്ടാക്കി അവരോടു സുവിശേഷം പ്രസംഗിക്കുന്ന തിരക്കിലാണ്. നിരവധി സ്ഥലങ്ങളില്‍ സുവിശേഷ യോഗങ്ങള്‍ ക്രമീകരിക്കുകയുണ്ടായി.