ദൈവത്തെ പരീക്ഷിക്കാനായി പാമ്പിനെ കൈയ്യില്‍ ചുറ്റി പ്രസംഗിച്ച പാസ്റ്റര്‍ക്ക് കടിയേറ്റു

Breaking News USA

ദൈവത്തെ പരീക്ഷിക്കാനായി പാമ്പിനെ കൈയ്യില്‍ ചുറ്റി പ്രസംഗിച്ച പാസ്റ്റര്‍ക്ക് കടിയേറ്റു
കെന്റക്കി: ദൈവത്തെ പരീക്ഷിക്കാനായി പാമ്പിനെ കൈയ്യില്‍ ചുറ്റി പ്രസംഗിച്ച യു.എസ്. പാസ്റ്റര്‍ പാമ്പിന്റെ കടിയേറ്റ് അത്യാസന്ന നിലയില്‍ ‍.

അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തെ മിഡില്‍സ് ബോറോയിലെ ഫുള്‍ ഗോസ്പല്‍ ടാബര്‍നാക്കിള്‍ ഇന്‍ ജീസസ് നേം എന്ന ചര്‍ച്ചിലെ (ഇവര്‍ പെന്തക്കോസ്തു സഭ എന്നവകാശപ്പെടുന്നു) കോഡി കൂട്ട്സ് എന്ന യുവ പാസ്റ്ററാണ് പരമ്പരാഗതമായി ഇവരുടെ ചര്‍ച്ചില്‍ അനുഷ്ഠിച്ചു വരുന്ന ആചാരത്തിനിടയില്‍ പാമ്പിന്റെ കടിയേറ്റ നിലയിലായത്. ഇയാള്‍ “മൈ ലൈഫ് ഇന്‍സൈഡ്: ദ സ്നേക്ക് ചര്‍ച്ച്’ എന്ന പേരില്‍ പുറത്തിറക്കാനുള്ള ഡോക്യൂമെന്ററി ചിത്രത്തിനുവേണ്ടിയുള്ള ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം.

കൂട്ട്സ് മാരക വിഷമുള്ള ഒരു പാമ്പിനെ കൈയ്യില്‍ ചുറ്റി പിടിച്ചുകൊണ്ട് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വലതു ചെവിയില്‍ കടിയേല്‍ക്കുകയായിരുന്നു. പൊടുന്നനവെ രക്തം ഷര്‍ട്ടിലേക്കു തെറിച്ചു വീണു. ഇതു ഗൌനിക്കാതെ പാമ്പിനെ വിടാതെ കൂട്ട്സ് തന്റെ പ്രസംഗം തുടര്‍ന്നു. ഇതിനിടയില്‍ “വിഷമിക്കേണ്ട എനിക്കു കുഴപ്പമൊന്നുമില്ല, ദൈവം സൌഖ്യദായകനാണ്” എന്നു വിളിച്ചു പറയുന്നുമുണ്ടായിരുന്നു.

എന്നാല്‍ താന്‍ കുഴഞ്ഞു വീഴുന്ന അനുഭവത്തിലേക്കെത്തിയപ്പോള്‍ അടുത്തുനിന്ന ചില സഹപ്രവര്‍ത്തകര്‍ താങ്ങി പിടിച്ചു. ആശുപത്രിയില്‍ പോകുവാന്‍ ആദ്യം വിസമ്മതിച്ചു. പിന്നീട് വിശ്വാസികളുടെ നിര്‍ബന്ധത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡോക്ടര്‍മാര്‍ കൂട്ട്സിനെ പരിശോധിച്ചശേഷം മാരകമായ വിഷം ഏറ്റിട്ടുണ്ടെന്നും മരണത്തിനു സാദ്ധ്യതയുണ്ടെന്നും അറിയിച്ചു. കൂട്ട്സ് പ്രസംഗിക്കുന്നതു തുടങ്ങി പാമ്പ് കടിയേല്‍ക്കുന്നതും ചര്‍ച്ചിനുള്ളില്‍നിന്നു പുറത്തേക്കു കൊണ്ടുവരുന്നതുവരെയും യൂട്യൂബില്‍ ദൃശ്യമാണ്.

ആഗസ്റ്റ് 10-നാണ് ഈ രംഗം പുറത്തു വിട്ടത്. ഈ ചര്‍ച്ചിന് 100 വര്‍ഷത്തെ പാരമ്പര്യമുണ്ട്. 4-ാം തലമുറക്കാരാണ് ഇവിടത്തെ പാസ്റ്ററും വിശ്വാസികളും. ബൈബിളില്‍ മര്‍ക്കോസിന്റെ സുവിശേഷം 16-ാം അദ്ധ്യായത്തില്‍ “വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും, എന്റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും, പുതുഭാഷകളില്‍ സംസാരിക്കും, സര്‍പ്പങ്ങളെ പിടിച്ചെടുക്കും, മരണകരമായ യാതൊന്നു കടിച്ചാലും അവര്‍ക്ക് ഹാനി വരികയില്ല” (വാക്യം 17,18) എന്ന വേദഭാഗത്തെ ആസ്പദമാക്കിയാണ് ഈ ചര്‍ച്ച് പ്രവര്‍ത്തിക്കുന്നത്. ഇതിനായി പാമ്പിനെ കൈയ്യില്‍വച്ചു പ്രസംഗിക്കുന്നവരാണ് ഇവിടത്തെ പാസ്റ്റര്‍മാര്‍ ‍.

കൂട്ട്സിന്റെ പിതാവ് ജാമി കൂട്ട്സും (42) 2014-ല്‍ ഇതുപോലെ ഈ ചര്‍ച്ചിനുള്ളില്‍ പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട് പാമ്പിനെ കൈയ്യില്‍ വച്ചുകൊണ്ട് പ്രസംഗിച്ചതിനെത്തുടര്‍ന്നു കടിയേറ്റു മരിച്ചിരുന്നു. ഒരു പാരമ്പര്യ ആചാരം പോലെ കാണുന്ന ഇവരുടെ ചര്‍ച്ചില്‍ 20-ല്‍ താഴെ അംഗങ്ങള്‍ മാത്രമേയുള്ളു. പല വിമര്‍ശനങ്ങള്‍ക്കും വിധേയമായ ഈ സഭയെക്കുറിച്ച് മുമ്പും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്.