വിലക്കൂടുതല്‍; രാജ്യത്തെ 74.1 ശതമാനം പേര്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനി
ന്യൂഡെല്‍ഹി: രാജ്യത്തെ 74.1 ശതമാനം ജനങ്ങള്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനിയെന്ന് റിപ്പോര്‍ട്ട്. രൂക്ഷമായ വിലക്കയറ്റം കാരണം ഭൂരിപക്ഷം ജനങ്ങള്‍ക്കും മികച്ച ഭക്ഷണമെന്ന ആഗ്രഹം നിറവേറ്റാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രീഷ്യന്‍ ഇന്‍ ദി വേള്‍ഡ് 2023 റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാധാരണ ജനവിഭാഗങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നത്.
ബ്രിക്സ് അംഗ രാജ്യങ്ങളുടെ പട്ടികയില്‍ ആരോഗ്യ ഭക്ഷണം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഏറെ പിന്നിലാണ് ഇന്ത്യയെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
വര്‍ദ്ധിച്ച ജനപ്പെരുപ്പം, വരുമാനത്തിലെ കുറവ് എന്നിവയാണ് പ്രധാന തടസ്സമായി നിലനില്‍ക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിലക്കയറ്റത്തിന്റെ ഫലമായി ആവശ്യ വസ്തുക്കളുടെ വില ഗമ്യമായി ഉയര്‍ന്നു. ജനങ്ങളുടെ ഭക്ഷണ ശീലത്തെ പ്രതികൂലമായി ബാധിച്ചു.
മുംബൈയില്‍ ഉച്ചഭക്ഷണത്തിന് 65 ശതമാനം വില വര്‍ദ്ധിച്ചപ്പോള്‍ ശമ്പളം, ദിവസ വേതനം എന്നിവ 28 മുതല്‍ 37 ശതമാനം വരെ മാത്രമാണ് വര്‍ദ്ധിച്ചത്.
വ്യക്തികളുടെ വാങ്ങല്‍ ശേഷിയുടെ (പര്‍ച്ചീസിങ് പവ്വര്‍ പാരിറ്റി-പിപിപി) അടിസ്ഥാനത്തിലുള്ള ആരോഗ്യ ഭക്ഷണത്തിന് ഇന്ത്യാക്കാര്‍ പ്രതിദിനം 3.066 പിപിപി ആണ് ചിലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.