ശവക്കുഴിയിലറങ്ങി ജഡം ഉയര്‍പ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പാസ്റ്ററെ അറസ്റ്റു ചെയ്തു

Breaking News Global Middle East

ശവക്കുഴിയിലറങ്ങി ജഡം ഉയര്‍പ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പാസ്റ്ററെ അറസ്റ്റു ചെയ്തു
ഒറോമിയ: മരിച്ച ആളിന്റെ ജഡം ശവക്കുഴിയില്‍വച്ചശേഷം ഉയര്‍പ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ട എത്യോപ്യന്‍ പാസ്റ്റര്‍ക്ക് മര്‍ദ്ദനവും ഒടുവില്‍ അറസ്റ്റും. ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയിലെ ഒറോമിയ പ്രവിശ്യയിലെ ചെറു പട്ടണമായ ഗലീലയിലാണ് സംഭവം നടന്നത്.

ബലേ ബിഫ്തു എന്ന ആള്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ശവശരീരം സംസ്ക്കരിക്കാനായി തുടങ്ങിയപ്പോഴാണ് സംഭവം ഉണ്ടായത്. ബിഫ്തുവിന്റെ ജഡം സംസ്ക്കരിക്കാനുള്ള കുഴിയില്‍ വച്ചപ്പോള്‍ ഗെറ്റിയോക്കല്‍ എയിലി എന്ന ക്രിസ്ത്യന്‍ പ്രവാചകന്‍ മരിച്ച ആളിന്റെ ബന്ധുക്കളോട് ബൈബിളില്‍ പുതിയ നിയമത്തില്‍ യേശു കല്ലറയില്‍ അടയ്ക്കപ്പെട്ട ലാസറിനെ നാലാം ദിവസം ഉയര്‍പ്പിച്ചതുപോലെ നാം വിശ്വസിച്ചാല്‍ ബിഫ്തുവിനെയും ഉയര്‍പ്പിക്കാമെന്നു പറയുകയുണ്ടായി. ബന്ധുക്കള്‍ ഗെറ്റിയോക്കലിനു അതിനുള്ള സമ്മതം അറിയിച്ചു.

ഇദ്ദേഹം കുഴിയിലിറങ്ങി പെട്ടിയില്‍ കിടത്തിയിരുന്ന ജഡത്തിനു ചുറ്റും നടന്നു ഉച്ചത്തില്‍ ‘ബെലേ എഴുന്നേല്‍ക്കുക’ എന്ന് ആവര്‍ത്തിച്ചു വിളിച്ചു പറഞ്ഞു. ഒന്നും സംഭവിക്കാതെ വന്നപ്പോള്‍ ജഡത്തിനു മുകളില്‍ കമഴ്ന്നു കിടന്നു ‘ബലേ എഴുന്നേല്‍ക്കുക’ എന്ന് ഉച്ചത്തില്‍ ആവശ്യപ്പെട്ടു. മരിച്ച ആള്‍ ജീവന്‍ വച്ചില്ലെന്നു കണ്ടപ്പോള്‍ കുഴിയില്‍നിന്നും കരയ്ക്കു കയറി.

ഈ സമയം ബന്ധുക്കള്‍ അടക്കം നിരവധി ആളുകള്‍ കാഴ്ചക്കാരായി നില്‍ക്കുന്നുണ്ടായിരുന്നു. സ്തംബ്ധരായിപ്പോയ അവരില്‍ ചിലര്‍ പ്രവാചകനെ മര്‍ദ്ദിച്ചു. തുടര്‍ന്നു പോലീസ് ഗെറ്റിയോക്കലിനെ അറസ്റ്റു ചെയ്തു കൊണ്ടുപോവുകയായിരുന്നു. മനുഷ്യ ജഡത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു കേസെടുത്തത്. ശവശരീരത്തെ ദുരുപയോഗം ചെയ്യുന്നത് എത്യോപ്യയില്‍ കുറ്റകരമാണ്. ഗെറ്റിയോക്കല്‍ എത്യോപ്യയിലെ ക്രൈസ്തവരുടെ ഇടയിലെ അറിയപ്പെടുന്ന പ്രവാചകനും ഒരു പ്രാദേശിക സഭയുടെ പാസ്റ്ററുമാണ്.