യെരുശലേമില്‍ ഒന്നാം നൂറ്റാണ്ടിലെ നാണയം കണ്ടെടുത്തു

Breaking News Middle East

യെരുശലേമില്‍ ഒന്നാം നൂറ്റാണ്ടിലെ നാണയം കണ്ടെടുത്തു
യെരുശലേം: യിസ്രായേലില്‍ ഒന്നാം നൂറ്റാണ്ടില്‍ യഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന നാണയം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

കഴിഞ്ഞ ദിവസം യെരുശലേമിലെ പുരാതന നഗരമായ ഡേവിഡ് സിറ്റിയില്‍ നിന്നുമാണ് എഡി 69-ല്‍ നിര്‍മ്മിച്ച വെങ്കല നാണയം കണ്ടെടുത്തത്. 2014-ലും ഇവിടെനിന്ന് സമാനമായ മറ്റൊരു നാണയം കണ്ടെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് 2018-ന്റെ ആരംഭത്തില്‍ത്തന്നെ ഗവേഷകര്‍ ഇവിടെ അന്വേഷണം ആരംഭിച്ചിരുന്നു.

പുരാതന നഗരമായിരുന്ന ഇവിടെ മാലിന്യ തോടായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. ഇവിടെനിന്നും മണ്ണു നീക്കിയപ്പോഴാണ് നാണയം കണ്ടെടുത്തത്.

ഒന്നാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തിനെതിരായി നടന്ന യഹൂദാ വിപ്ളവ കാലത്ത് നിര്‍മ്മിച്ച ഈ നാണയത്തിന്റെ ഒരു വശത്ത് ഹീബ്രു ഭാഷയില്‍ “സീയോന്റെ വീണ്ടെടുപ്പിനു വേണ്ടി” എന്നും വീഞ്ഞ് ഉപയോഗിക്കുന്ന വലിയ കോപ്പയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.

മറുവശത്ത് ചെറുനാരങ്ങ, പനവൃക്ഷം, പച്ചകൊളുന്ത്, വില്ലൊ ശിഖിരങ്ങള്‍ എന്നീ നാലു വര്‍ഗ്ഗങ്ങളുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ഇവ ‘നാലു വര്‍ഷം’ എന്നതിനെ കാണിക്കുന്നു.

അതായത് റോമാ സാമ്രാജ്യത്തിനെതിരായി യഹൂദന്മാര്‍ നയിക്കുന്ന വിപ്ളവത്തിന്റെ അവസാന വര്‍ഷത്തെയാണ് അര്‍ത്ഥമാക്കുന്നത്. ഈ നാണയം അതീവ രഹസ്യമായി യഹൂദന്മാര്‍ അന്ന് വിനിമയം നടത്തിയിരുന്നവയാണെന്ന് ഡേവിഡ് സിറ്റി ഫൌണ്ടേഷന്‍ പ്രസിഡന്റ് റിയൂട്ട് വിള്‍ഫ് അഭിപ്രായപ്പെടുന്നു.

ഈ നാണയത്തിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്നത് : സ്വാതന്ത്ര്യം വേഗത്തില്‍ സംഭവിക്കുന്നതാണ്. ഒരു വിമോചനത്തിന്റെ പരിസമാപ്തിയിലേക്ക് എത്തപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു യഹൂദന്മാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുകൊടുക്കുകയാണ് ലക്ഷ്യമെന്നും വിള്‍ഫ് പറഞ്ഞു.

കല്ലുകള്‍ പാകിയ വഴിയില്‍ വീണ നാണയം മാലിന്യ ചാലിലേക്ക് വഴുതിപോയതായിരിക്കാമെന്ന് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി ഗവേഷകന്‍ ഷുക്രോണ്‍ അഭിപ്രായപ്പെടുന്നു.