സുവിശേഷ പ്രവര്‍ത്തനം; ജാര്‍ഖണ്‍ഡില്‍ 16 പേരെ അറസ്റ്റു ചെയ്തു

Breaking News India

സുവിശേഷ പ്രവര്‍ത്തനം; ജാര്‍ഖണ്‍ഡില്‍ 16 പേരെ അറസ്റ്റു ചെയ്തു
ദുംക: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് മിഷണറിമാരടക്കം 16 പേരെ പോലീസ് അറസ്റ്റു ചെയ്തു.

ജൂലൈ 5-ന് വ്യാഴാഴ്ച വൈകിട്ട് ദുംക ജില്ലയിലെ ശികാരിപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫൂല്‍ പഹാരി ഗ്രാമത്തിലെ ആദിവാസി മേഖലയില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കാനെത്തിയവരെയാണ് ഗ്രാമമുഖ്യന്‍ രമേശ് മുര്‍മുവിന്റെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റു ചെയ്തത്.

സ്ത്രീകളടക്കമുള്ള 25 പേരടങ്ങുന്ന മിഷണറി സംഘം ഭവന സന്ദര്‍ശനം നടത്തുന്നതിനിടയില്‍ ഗ്രാമവാസികളായ ചിലരുടെ പ്രേരണയില്‍ മിഷണറിമാരെ തടഞ്ഞു വെയ്ക്കുകയും പോലീസിനെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യിക്കുകയുമായിരുന്നു. അറസ്റ്റു ചെയ്യപ്പെട്ടവരുടെ പേരുകള്‍ പുറത്തു വിടുന്നില്ലെന്ന് ദുംക പോലീസ് സൂപ്രണ്ട് കിഷോര്‍ കൌശല്‍ പറഞ്ഞു.

തമിഴ്നാട് ആസ്ഥാനമായുള്ള ഒരു സുവിശേഷ സംഘടനയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായ മിഷണറിമാര്‍ ‍. ഇവരുടെ കൈകളില്‍ ഉണ്ടായിരുന്ന ബൈബിളുകള്‍ ‍, ലഘുലേഖകള്‍ ‍, ഒരു വാഹനം, ഓഡിയോ സിസ്റ്റം, പെന്‍ ഡ്രൈവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളാക്കുവാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ 10 പേര്‍ പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയില്‍നിന്നുമുള്ളഴരാണ്. ഇവര്‍ ബസിലാണ് എത്തിയത്. ബാക്കിയുള്ളവര്‍ ദുംക ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ്.

ജാര്‍ഖണ്ഡില്‍ 2017 ഫ്രീഡം ഓഫ് റിലിജിയന്‍ ആക്ട് നിയമപ്രകാരം ഒരു വ്യക്തിയുടെ മതവിശ്വാസം ഉപേക്ഷിച്ച് മറ്റു മതത്തിലേക്ക് മാറ്റുവാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശിക്ഷ 3 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ്. ഇരകള്‍ സ്ത്രീകള്‍ ‍, പ്രായപൂര്‍ത്തിയാകാത്തവര്‍ ‍, മുതിര്‍ന്നവര്‍ , പട്ടികജാതി, പട്ടിക വര്‍ഗ്ഗം എന്നി വിഭാഗത്തില്‍പെട്ടവരാണെങ്കില്‍ 4 വര്‍ഷം തടവും 1 ലക്ഷം രൂപാ പിഴയുമാണ് ശിക്ഷ.

അറസ്റ്റിലായവരെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുവാന്‍ പ്രാദേശിക കോടതി ഉത്തരവിട്ടു. ശികാരിപാര മാവേയിസ്റ്റുകളുടെ ശക്തി മേഖലാ പ്രദേശംകൂടിയാണ്. ദൈവമക്കള്‍ ശക്തിയായി പ്രാര്‍ത്ഥിക്കുക.