ലണ്ടന്‍ നഗരത്തിലെ പൊതു സ്ഥലത്ത് ബൈബിള്‍ വായിച്ച സുവിശേഷകനെ അറസ്റ്റു ചെയ്തു

Breaking News Europe Top News

ലണ്ടന്‍ നഗരത്തിലെ പൊതു സ്ഥലത്ത് ബൈബിള്‍ വായിച്ച സുവിശേഷകനെ അറസ്റ്റു ചെയ്തു
ലണ്ടന്‍ ‍: ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടനില്‍ പൊതുസ്ഥലത്ത് നിന്നുകൊണ്ട് ബൈബിള്‍ വായിച്ചതിന് സഞ്ചാര സുവിശേഷകനെ പോലീസ് അറസ്റ്റു ചെയ്തു.

ലണ്ടനിലെ പ്രസിദ്ധമായ സെന്റ് പോള്‍സ് കത്തിഡ്രലിനു സമീപം വഴിവക്കില്‍നിന്നുകൊണ്ട് പരസ്യമായി ബൈബിള്‍ വായിച്ച ഒരു സുവിശേഷകനെയാണ് അറസ്റ്റു ചെയ്തത്.

നടപ്പാതയില്‍നിന്നുകൊണ്ട് ബൈബിള്‍ വായിക്കരുതെന്നും ഉടന്‍ ഇവിടംവിട്ടു പോകണമെന്നും പോലീസുകാരന്‍ ആവശ്യപ്പെടുന്നതും സുവിശേഷകന്‍ അത് നിരസിക്കുന്നതും മറ്റൊരു യാത്രക്കാരി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

നിങ്ങള്‍ പ്രശ്നമുണ്ടാക്കുകയാണെന്നും അറസ്റ്റു ചെയ്യുമെന്നും പോലീസുകാരന്‍ പറഞ്ഞപ്പോള്‍ ഇവിടത്തെ ആളുകള്‍ക്ക് യേശുക്രിസ്തുവിന്റെ സുവിശേഷം കേള്‍ക്കുവാന്‍ താല്‍പ്പര്യമുണ്ടെന്നും അതിനുവേണ്ടിയാണ് ഞാന്‍ ബൈബിള്‍ വായിക്കുന്നതെന്നും നിങ്ങള്‍ അതിനു തടസ്സം നില്‍ക്കുകയാണെന്നും സുവിശേഷകന്‍ മറുപടി പറഞ്ഞു. പിന്നീട് ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.

ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്നാല്‍ ബ്രിട്ടന്‍ പോലുള്ള ഒരു പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ രാഷ്ട്ര തലസ്ഥാനത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടായതാണ് അന്തര്‍ദ്ദേശീയ വാര്‍ത്താ പ്രാധാന്യം നേടിയത്.