മെക്സിക്കോയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു, 9 വര്‍ഷം മുമ്പ് മകനും കൊല്ലപ്പെട്ടു

Breaking News Top News USA

മെക്സിക്കോയില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു, 9 വര്‍ഷം മുമ്പ് മകനും കൊല്ലപ്പെട്ടു
ജുവാറസ്: മെക്സിക്കോയില്‍ പാസ്റ്റര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.

അമേരിക്കന്‍ അതിര്‍ത്തി നഗരമായ ജുവാറസിലെ ആര്‍മി ഓഫ് ഗോഡ് സഭയുടെ പാസ്റ്ററായ യെഡ്വോര്‍ഡോ ലാലോ ഗാര്‍ഷിയയാണ് ജൂണ്‍ 8-ന് വെള്ളിയാഴ്ച അക്രമികളുടെ വെടിയേറ്റു മരിച്ചത്.

മയക്കു മരുന്നു സംഘങ്ങളാണ് കൊലയ്ക്കു പിന്നിലെന്നു സംശയിക്കുന്നു. ജുവാറസ് നഗരം ലോകത്ത് ഏറ്റവും കുപ്രസിദ്ധി നേടിയ നഗരമാണ്. ഇവിടം മയക്കു മരുന്നു സംഘങ്ങളുടെ താവളമാണ്. ശക്തമായ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന പാസ്റ്റര്‍ എഡ്വേര്‍ഡോയ്ക്കു കനത്ത ഭീഷണികളുമുണ്ടായിരുന്നു.

2009-ല്‍ പാസ്റ്ററുടെ മകന്‍ ഏബ്രഹാമും (24) സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. 8 മാസത്തിനുശേഷം മകള്‍ ഗ്രിസല്‍ഡയെ ഒരു സംഘം ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോവുകയുണ്ടായി. പാസ്റ്റര്‍ മോചന ദ്രവ്യം നല്‍കിയതിനെത്തുടര്‍ന്നാണ് അക്രമികള്‍ മകളെ വിട്ടയച്ചത്.

സുവിശേഷകരുടെ സംഘടനയായ ഇവാഞ്ചലിസം മസിവോ എന്ന സംഘടനയുടെ പ്രസിഡന്റു കൂടിയായിരുന്നു പാസ്റ്റര്‍ എഡ്വേര്‍ഡോ. 2008 മുതല്‍ പാസ്റ്റര്‍മാരെയും സഭകളയും സംഘടിപ്പിച്ച് ജുവാറസില്‍ പ്രാര്‍ത്ഥനാ യോഗങ്ങളും സുവിശേഷ പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. ജുവാറസില്‍ മയക്കു മരുന്നു ലോബികളുടെയും ഗുണ്ടാ സംഘങ്ങളുടെയും ആക്രമണങ്ങള്‍ പതിവായി നടക്കുന്ന നഗരമാണ്.

വര്‍ഷംതോറും ആയിരങ്ങളാണ് കൊല്ലപ്പെടുന്നത്. വളരെ ത്യാഗം സഹിച്ച് ജീവനെ പണയംവെച്ചായിരുന്നു എഡ്വേര്‍ഡും കുടുംബവും കര്‍ത്താവിനുവേണ്ടി ഈ നഗരത്തില്‍ ജീവിച്ചു പോന്നത്. സാധാരണക്കാരനായി ജീവിച്ച ഇദ്ദേഹം അനേകരെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവരുവാനിടയായി.

ഇതൊക്കെയാണ് അക്രമികളുടെ കണ്ണിലെ കരടാകുവാന്‍ കാരണം. ജുവാറസ് നഗരത്തെ ഓര്‍ത്ത് ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക. മെക്സിക്കോയിലെ ജനസംഖ്യയില്‍ 83 ശതമാനവും റോമന്‍ കത്തോലിക്കരാണ്. 10 ശതമാനം മാത്രമാണ് പെന്തക്കോസ്തു-സുവിശേഷ വിഹിത സഭക്കാര്‍ ‍.