പ്യൂര്‍ട്ടോറിക്കോ ദുരന്തം: സമാരിട്ടന്‍സ് മിനിസ്ട്രി 55 ചര്‍ച്ചുകളും 390 വീടുകളും പണിയുന്നു

Asia Breaking News Top News

പ്യൂര്‍ട്ടോറിക്കോ ദുരന്തം: സമാരിട്ടന്‍സ് മിനിസ്ട്രി 55 ചര്‍ച്ചുകളും 390 വീടുകളും പണിയുന്നു
അഡ്ജന്റസ്: അമേരിക്കന്‍ ദ്വീപായ പ്യൂര്‍ട്ടോറിക്കയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആഞ്ഞുവീശിയ ചുഴലി കൊടുങ്കാറ്റ് ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ 55 ക്രൈസ്തവ ആരാധനാലയങ്ങളും 390 ഭവനങ്ങളും പുനര്‍ നിര്‍മ്മിക്കാന്‍ പ്രമുഖ അന്താരാഷ്ട്ര സുവിശേഷ സംഘടനയായ സമാരിട്ടന്‍സ് പഴ്സ് തീരുമാനിച്ചു.

പൂര്‍ണ്ണമായും, ഭാഗീകമായും തകര്‍ന്ന ആരാധനാലയങ്ങളും, വീടുകളും പഴയ സ്ഥാനത്തുതന്നെ നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിനായി നാട്ടുകാരായ ജോലിക്കാരെതന്നെ കണ്ടെത്തി കൂലി നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണെന്ന് സമാരിട്ടന്‍സ് പഴ്സ് മിനിസ്ട്രി പ്യൂര്‍ട്ടോ റിക്കോ പ്രോഗ്രാം മാനേജര്‍ ടോം ഒവിഗ്ടണ്‍ പറഞ്ഞു.

പ്യൂര്‍ട്ടോ റിക്കയുടെ മദ്ധ്യ, തെക്കു ഭാഗങ്ങളിലാണ് കൂടുതല്‍ ദുരന്തം വിതച്ചത്. പുനര്‍ നിര്‍മ്മാണത്തിനായി മിനിസ്ട്രി നേരത്തെ ക്രൈസ്തവ വിശ്വാസികളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.

ദുരന്തമുണ്ടായതിനുശേഷം സമാരിട്ടന്‍സ് മിനിസ്ട്രി ദുരന്ത ബാധിതര്‍ക്ക് 1900 ജനറേറ്റര്‍ സെറ്റുകള്‍ ‍, 6000 സോളാര്‍ വിളക്കുകള്‍ ‍, 1400000 വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ടാബ്ളറ്റുകള്‍ ‍, 1500 ബൈബിളുകള്‍ ‍, 34000 മണ്‍പാത്ര കിറ്റുകള്‍ എന്നിവ അടിയന്തിരമായി വിതരണം ചെയ്തിരുന്നു. 3100 സന്നദ്ധ സേവകരെ അണിനിരത്തി പ്രവര്‍ത്തിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട് 4645 മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്കു പ്രകാരം ചുഴലിക്കാറ്റില്‍ 64 മരണെന്നാണ് രേഖ.

പ്രമുഖ സുവിശേഷകനായിരുന്ന ബില്ലിഗ്രഹാമിന്റെ മകന്‍ ഫ്രങ്ക്ളിന്‍ ഗ്രഹാം നേതൃത്വം നല്‍കുന്ന സുവിശേഷ മിനിസ്ട്രി സംഘടനയാണ് സമാരിട്ടന്‍സ് പഴ്സ്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ മിനിസ്ട്രി പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.