ക്രൈസ്തവ മാര്‍ഗ്ഗം ത്യജിച്ചു വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ച യുവതിയെ തീവെച്ചു കൊലപ്പെടുത്തി

Breaking News Global Top News

ക്രൈസ്തവ മാര്‍ഗ്ഗം ത്യജിച്ചു വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ച യുവതിയെ തീവെച്ചു കൊലപ്പെടുത്തി

ലാഹോര്‍ ‍: ക്രൈസ്തവ മാര്‍ഗ്ഗം ത്യജിച്ച് മുസ്ളീം യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ച യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. പാക്കിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യയിലെ ഹാജിപുര ഏരിയായിലെ മൊഹള്ള ബൊഗാറയിലെ യാക്കൂബ് മസിയുടെ മകള്‍ അസ്മ യാക്കൂബാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഏപ്രില്‍ 17-ന് ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. യാക്കൂബ് മസിയും മകന്‍ മഖ്സൂദും അസ്മയും മൊഹള്ള പക്പുര ഏരിയായിലെ സാവൂദസ് സമാന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ രാത്രി 11 മണിയോടെ സമാന്റെ വീടിന്റെ മുമ്പില്‍ മുഹമ്മദ് റിസ്പാന്‍ ഗുജ്ജര്‍ എന്ന യുവാവെത്തി ഗേറ്റ് ചവിട്ടിത്തുറന്നു.

ഈ സമയം അസ്മ മുറ്റത്തേക്കിറങ്ങിവന്നു നോക്കിയപ്പോള്‍ ഗുജ്ജര്‍ തന്റെ കൈവശം കുപ്പിയില്‍ കരുതിയിരുന്ന മണ്ണെണ്ണ അസ്മയുടെ ദേഹത്തേക്കൊഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയുടെ നിലവിളികേട്ടെത്തിയ പിതാവും സഹോദരനും വീട്ടുകാരും കാണുന്നത് അസ്മ ദേഹമാസകലം തീകത്തുന്ന രംഗമാണ്. ഈ സമയം ഗുജ്ജര്‍ ഓടിപ്പോകുന്നതും ശ്രദ്ധയില്‍പ്പെട്ടു. 80 ശതമാനം പൊള്ളലേറ്റ അസ്മയെ അടുത്തുള്ള സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏപ്രില്‍ 22-ന് ഞായറാഴ്ച അസ്മ മരിച്ചു. ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് പോലീസ് മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ഗുജ്ജര്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും ക്രിസ്തു മാര്‍ഗ്ഗം ഉപേക്ഷിച്ചു തന്നെ വിവാഹം കഴിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായും പറഞ്ഞു.

ഈ വിവരം തന്റെ മാതാപിതാക്കളോടു അസ്മ പറഞ്ഞിരുന്നതായും മകള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നതായും അസ്നയുടെ പിതാവ് യാക്കൂബ് പോലീസിനോടു പറഞ്ഞു. അസ്മ സമാന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു. സമാന്റെ മാതാവ് രോഗാവസ്ഥയില്‍ തിടക്കുന്നതിനാല്‍ ഇവരെ കാണുവാനായിരുന്നു ഈ വീട്ടില്‍ എത്തിയത്.

സിയാല്‍ക്കോട്ട് സ്വദേശിയായ മുസ്ളീമായ ഗുജ്ജറിനെ അറസ്റ്റു ചെയ്തു കൊലക്കുറ്റത്തിനു കേസെടുത്തു. അസ്മ മരണംവരെ തന്റെ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ച യുവതിയാണെന്നു വീട്ടുകാര്‍ പറഞ്ഞു. കേസില്‍ പാക്കിസ്ഥാന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടന ബന്ധപ്പെടുന്നുണ്ട്. പ്രതിക്കെതിരെ ശക്തമായ ശിക്ഷ നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു.