മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വിശ്വാസികളെ ആക്രമിച്ചു; ആരാധനാ ഹാള്‍ കത്തിച്ചു

Breaking News India

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വിശ്വാസികളെ ആക്രമിച്ചു; ആരാധനാ ഹാള്‍ കത്തിച്ചു
ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശില്‍ ഹൌസ് ചര്‍ച്ചില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന പാസ്റ്ററെയും വിശ്വാസികളെയും ആക്രമിച്ച് ഓടിച്ചുവിട്ടശേഷം ആരാധനാ ഹാളായി ഉപയോഗിക്കുന്ന പാസ്റ്ററുടെ വീട് അഗ്നിക്കിരയാക്കി.

മാര്‍ച്ച് 16-ന് മദ്ധ്യപ്രദേശിലെ കോണ്ട്രി ഗ്രാമത്തിലെ ഹൌസ് ചര്‍ച്ച് നടത്തുന്ന പാസ്റ്റര്‍ ചെന്‍സിംഗ് സുനിയ (26) ശുശ്രൂഷിക്കുന്ന സഭയിലാണ് ആക്രമണം നടന്നത്. പാസ്റ്റര്‍ ചെന്‍സിംഗും വിശ്വാസികളും സന്ധ്യയോടെ ചെന്‍സിംഗിന്റെ വീട്ടില്‍ നടത്തപ്പെടുന്ന സഭയുടെ പ്രാര്‍ത്ഥനാ യോഗം നടന്നുകൊണ്ടിരുന്നപ്പോള്‍ ഒരു സംഘം ഹിന്ദുക്കളായ സുവിശേഷ വിരോധികളെത്തി പാസ്റ്ററേയും വിശ്വാസികളെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

രണ്ടു പേര്‍ക്കു മാരകമായി പരിക്കേറ്റു. പാസ്റ്ററും വിശ്വാസികളും പ്രാണരക്ഷാര്‍ത്ഥം അടുത്തുള്ള വനത്തിലേക്കു ഓടിരക്ഷപെട്ടു. അക്രമികള്‍ രണ്ടു കിലോമീറ്ററോളം ഇവരെ പിന്തുടര്‍ന്നു.
രാത്രിയുടെ മറവില്‍ പാസ്റ്ററും ഏതാനും വിശ്വാസികളും വനത്തില്‍ താമസിച്ചശേഷം പിറ്റേദിവസം വീട്ടിലേക്കെത്തിയപ്പോള്‍ വീണ്ടും ആക്രമിക്കാന്‍ ശ്രമം ഉണ്ടായതിനെത്തുടര്‍ന്നു തന്റെ കുടുംബവുമായി അടുത്തുള്ള ഗ്രാമത്തിലേക്കു മാറുകയായിരുന്നു.

ഈ സമയം പാസ്റ്ററുടെ വീട് അക്രമികള്‍ അഗ്നിക്കിരയാക്കി. വസ്ത്രങ്ങളും, ഫര്‍ണീച്ചറുകളും, പാത്രങ്ങളുമെല്ലാം കത്തിനശിച്ചു. നാട്ടില്‍ തിരിച്ചെത്തിയാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി ഒരു വിശ്വാസി പാസ്റ്ററെ ഫോണില്‍ വിളിച്ച് അറിയിക്കുകയുണ്ടായി. തുടര്‍ന്നു അക്രമികള്‍തന്നെ പോലീസില്‍ പരാതി നല്‍കി. പാസ്റ്റര്‍ സ്ഥലത്ത് പ്രവര്‍ത്തിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.