ആന്ധ്രയിലും കോയമ്പത്തൂരും പാസ്റ്റര്‍മാരെ ആക്രമിച്ച് മൃതപ്രായരാക്കി

Breaking News India

ആന്ധ്രയിലും കോയമ്പത്തൂരും പാസ്റ്റര്‍മാരെ ആക്രമിച്ച് മൃതപ്രായരാക്കി
ഗുണ്ടൂര്‍ ‍: ആന്ധ്രാപ്രദേശിലും കോയമ്പത്തൂരിലും രണ്ടു പാസ്റ്റര്‍മാരെ സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ച് മൃതപ്രായരാക്കി.

ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ രെണ്ടചിന്തല ഗ്രാമത്തിലെ ഹൌസ് ചര്‍ച്ച് പാസ്റ്റര്‍ മധിരകൊട്ടി റെഡ്ഡി (55), തമിഴ്നാട് കോയമ്പത്തൂര്‍ നഗരത്തിലെ ബെഥേല്‍ പ്രെയര്‍ അസ്സംബ്ളി ചര്‍ച്ച് പാസ്റ്റര്‍ ജോഷ്വാ രാജേഷ് എന്നിവരെയാണ് ക്രൂരമായി ആക്രമിച്ച് മൃതപ്രായരാക്കിയത്.

മാര്‍ച്ച് 29-ന് വെള്ളിയാഴ്ച രാത്രി 10-മണിക്ക് പാസ്റ്റര്‍ മധിര തന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചശേഷം മുറിയില്‍ ബൈബിള്‍ ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഹിന്ദു വര്‍ഗ്ഗീയവാദി സംഘടനയുടെ പ്രവര്‍ത്തകനായ ഒരാള്‍ പതുങ്ങിവന്ന് മഴു ഉപയോഗിച്ച് പാസ്റ്റര്‍ മധിരയുടെ തലയ്ക്കും ദേഹത്തും വെട്ടുകയായിരുന്നു.

മധിരയുടെ നിലവിളികേട്ട് ഭാര്യ ഓടിയെത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപെട്ടിരുന്നു. ഭാര്യ മധിരശാന്തി അക്രമിയുടെ മുഖം വ്യക്തമായി കണ്ടിരുന്നു. ഈ സമയം പോലീസ് ഇന്‍സ്പെക്ടര്‍ കൊടോശ്വരറാവുവിന്റെ നേതൃത്വത്തില്‍ പോലീസ് ഈ വഴി പെട്രോളിംഗ് നടത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് മാരകമായി തലയ്ക്കും ദേഹത്തും മുറിവേറ്റ് രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന പാസ്റ്റര്‍ മധിരയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ മരണത്തില്‍നിന്നും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

പിന്നീട് മറ്റൊരു നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി.
പോലീസ് 11 പേരെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടി. ഇതില്‍ പ്രതിയെ പാസ്റ്ററുടെ ഭാര്യ തിരിച്ചറിഞ്ഞു. പ്രതി മണ്ണി ശിവനാരായണ (54) എന്നയാളെ അറസ്റ്റു ചെയ്തു. പാസ്റ്റര്‍ മധിര പ്രദേശത്ത് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തന്നെ അസ്വസ്ഥനാക്കുന്നതായി പ്രതി പോലീസിനോടു സമ്മതിച്ചു. ഇതാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു കാരണമെന്ന് പോലീസ് പറഞ്ഞു.

ആശുപത്രിയിലെത്താന്‍ അരമണിക്കൂര്‍ താമസിച്ചിരുന്നുവെങ്കില്‍ മധിരയെ രക്ഷിക്കാന്‍ കഴിയില്ലായിരുന്നുവെന്നു ചികിത്സിച്ച ഡോക്ടര്‍ ഭാര്‍ഗ്ഗവ റെഡ്ഡി പറഞ്ഞു. മാരകമായി മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു എത്തിച്ചത്. മധിരയുടെ ഭാര്യയും മക്കളും ഇപ്പോള്‍ സമ്പത്തികമായി ക്ലേശവും ഭയവും അനുഭവിക്കുകയാണ്.

ഏപ്രില്‍ 1-ന് ഈസ്റ്റര്‍ ഞായറാഴ്ച പാസ്റ്റര്‍ ജോഷ്വ രാജേഷ് ശുശ്രൂഷിക്കുന്ന മരുദൂറിലെ ഡോക്ടര്‍ ഗാര്‍ഡനിലെ വാടകകെട്ടിടത്തില്‍ ബെഥേല്‍ പ്രെയര്‍ അസ്സംബ്ളി ചര്‍ച്ചിന്റെ ആരാധനാ സമയത്ത് അജ്ഞാതരായ 3 പേര്‍ ചര്‍ച്ചിനുള്ളിലേക്ക് പ്രവേശിക്കുകയും ഇരുമ്പു ദണ്ഡുകളും വടികളുമുപയോഗിച്ച് പാസ്റ്ററേയും സഭാ വിശ്വാസികളേയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഈ സമയം അക്രമി സംഘത്തിലെ 40-ഓളം പേര്‍ പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നു.

ആക്രമണത്തിനിടെ ചില വിശ്വാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. മാരകമായി പരിക്കേറ്റ പാസ്റ്റര്‍ ജോഷ്വയെ അടുത്തുള്ള പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെ പ്രതികൂലങ്ങളുടെ നടുവിലായിരുന്നു സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നത്. ഭാര്യ ജോണ്‍സി. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.