കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ 18 വയസില്‍ താഴെയുള്ള ക്രിസ്ത്യന്‍ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

Breaking News Global Others

കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ 18 വയസില്‍ താഴെയുള്ള ക്രിസ്ത്യന്‍ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു
അസ്താന: മദ്ധ്യഏഷ്യന്‍ രാഷ്ട്രമായ കസാക്കിസ്ഥാനില്‍ പ്രാര്‍ത്ഥനാ യോഗങ്ങളിലും ക്രിസ്ത്യന്‍ കൂട്ടായ്മകളിലും പങ്കെടുക്കുന്ന 18 വയസ്സില്‍ താഴെയുള്ള ക്രിസ്ത്യന്‍ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നു.

പടിഞ്ഞാറന്‍ കസാക്കിസ്ഥാന്‍ റിജിയന്‍ റിലിജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റാണ് ഇതു സംബന്ധിച്ച് ഏപ്രില്‍ 10-ന് ഉത്തരവിറക്കിയത്. ക്രൈസ്തവ സഭകളുടെ ആരാധനാലയങ്ങളില്‍ പങ്കെടുക്കുന്നവരും ഏതെങ്കിലും ക്രിസ്ത്യന്‍ പരിപാടികളില്‍ പങ്കെടുക്കുന്നവരുമായ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണമായ പേര്, വയസ്സ്, അവര്‍ പഠിക്കുന്ന സ്ഥലം, അവരുടെ സ്വകാര്യ വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നതിനാണ് എല്ലാ അംഗീകൃത ക്രിസ്ത്യന്‍ സംഘടനകള്‍ക്കും നോട്ടീസ് കൈമാറുവാന്‍ ഉത്തരവിട്ടത്.

ഈ നടപടി കൂടുതല്‍ ബാധിക്കുന്നത് സുവിശേഷ വിഹിത സഭകളെയും പുതുതായി രൂപംകൊണ്ട ഉണര്‍വ്വു സഭകളെയുമാണ്. മുസ്ളീം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. അധികൃതരുടെ ഈ നടപടി എന്തുദ്ദേശ്യത്തോടെയാണെന്ന് വ്യക്തമല്ല. എങ്കിലും ഭൂരിഭാഗം സഭകളും ഇതിനോട് വിയോജിക്കുന്നു. കസാക്കിസ്ഥാനിലെ ജനസംഖ്യയില്‍ 70% മുസ്ളീങ്ങളാണ്. 20% മാത്രമാണ് ക്രൈസ്തവര്‍ ‍. സുവിശേഷ വിഹിത സഭകളും ഉണര്‍വ്വു സഭകളും രാജ്യത്ത് ശക്തി പ്രാപിച്ചു വരുന്നുണ്ട്.

ഇതിനെ പ്രതിരോധിക്കുകയാണോ ലക്ഷ്യമെന്ന് ക്രൈസ്തവര്‍ കണക്കു കൂട്ടുന്നു. മാത്രമല്ല പുതുതായി രൂപംകൊള്ളുന്ന സഭകള്‍ക്ക് അംഗീകാരം നല്‍കുന്നുമില്ല. അതുകൊണ്ടു പല ദൈവസഭകളും രഹസ്യമായാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍വാസവും പിഴയുമാണ് ശിക്ഷ.