മ്യാന്‍മറില്‍ സംഘര്‍ഷം: 2000 ക്രൈസ്തവര്‍ കാടുകളില്‍ കുടുങ്ങി കിടക്കുന്നു

Breaking News Convention Global

മ്യാന്‍മറില്‍ സംഘര്‍ഷം: 2000 ക്രൈസ്തവര്‍ കാടുകളില്‍ കുടുങ്ങി കിടക്കുന്നു
കച്ചിന്‍ ‍: മ്യാന്‍മറില്‍ സൈന്യവും കച്ചിന്‍ ഗറില്ലകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്നു പ്രദേശത്തുനിന്നു പാലായനം ചെയ്ത 2000 ക്രൈസ്തവര്‍ കാടുകളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.

വടക്കന്‍ മ്യാന്‍മറിലെ കച്ചിന്‍ സംസ്ഥാനത്തെ താനായി റീജണിലാണ് മ്യാന്‍മര്‍ സൈന്യവും കച്ചിന്‍ പ്രത്യേക രാജ്യമായി വേര്‍തിരിക്കണമെന്നു വാദിക്കുന്ന കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി എന്ന വിമത സേനയും തമ്മിലുള്ള പോരാട്ടം നടക്കുന്നത്.

ഏപ്രില്‍ ആദ്യവാരത്തില്‍ തുടങ്ങിയ യുദ്ധത്തില്‍ മ്യാന്‍മര്‍ സൈന്യം ഷെല്ലാക്രമണവും വ്യോമ ആക്രമണങ്ങളും നടത്തുന്നുണ്ട്. ആക്രമണങ്ങളില്‍ 3 പേര്‍ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായതായി റിപ്പോര്‍ട്ടു ചെയ്യുന്നു. 1 ലക്ഷം ജനങ്ങള്‍ ഇവിടെനിന്നും പാലായനം ചെയ്തു.

ഇവരില്‍ 2000-ത്തോളം കച്ചിന്‍ ക്രൈസ്തവര്‍ കാടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഇവരില്‍ ഗര്‍ഭിണികളായ സ്ത്രീകളും, കുട്ടികളും വരെയുണ്ട്. ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം, മരുന്നുകള്‍ എന്നിവ ലഭിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ലഭ്യമല്ലെന്ന് ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ റവ. മങ്ങ് ദാന്‍ പറഞ്ഞു.

കാടുകളില്‍ കഴിയുന്നവരില്‍ 5 ഗര്‍ഭിണികളും പ്രസവം നടന്ന സ്ത്രീകളും 93 പ്രായമായവരുമുണ്ട്. കൂടാതെ രോഗികളായ നിരവധി ആളുകളുമുണ്ട്. ഇവര്‍ക്ക് അടിയന്തിരമായി സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ മടികാട്ടുന്നു. മാത്രമല്ല അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെ സഹായം നല്‍കുന്നതില്‍നിന്നും തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കച്ചിന്‍ ക്രൈസ്തവര്‍ വിമത സേനയെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് സഹായം നിഷേധിക്കുന്നതെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു. താനായി റീജന്‍ കുന്തിരിക്കത്തിന്റെയും സ്വര്‍ണ്ണ ഖനിയുടെയും നാടാണ്.

ഇവിടെ കുറെ വര്‍ഷങ്ങളായി സൈന്യവും വിമത സേനകളും തമിമലുള്ള പോരാട്ടം നടന്നു വരികയാണ്. ക്രൈസ്തവരുടെ രക്ഷയ്ക്കും നീതിയ്ക്കുമായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക. പട്ടാള ഭരണം മൂലം ജനം കൂടുതല്‍ ദുരിതം അനുഭവിക്കുകയാണ്. നിരവധി പാസ്റ്റര്‍മാരെ ജയിലില്‍ അടച്ചിട്ടുമുണ്ട്.