മ്യാന്‍മറില്‍ രണ്ടു പാസ്റ്റര്‍മാര്‍ ജയില്‍ മോചിതരായി

Breaking News Global

മ്യാന്‍മറില്‍ രണ്ടു പാസ്റ്റര്‍മാര്‍ ജയില്‍ മോചിതരായി
മോങ്ങ് മൌങ്ങ്: മ്യാന്‍മറില്‍ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞിരുന്ന രണ്ടു പാസ്റ്റര്‍മാര്‍ക്ക് ജയില്‍ മോചനം. പാസ്റ്റര്‍മാരായ ഡോം ഡോങ്ങ് നവങ്ങ് ഘട്ട് (65), ലാ ജോ ഗാം ഹസങ്ങ് (35) എന്നിവര്‍ക്കാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ ആംനസ്റ്റി പരിപാടിയുടെ ആനുകൂല്യത്തില്‍ ജയില്‍ മോചനം ലഭിച്ചത്.

ഈ വിവരം മോങ്ങ് മൌങ്ങ് നഗരത്തിലെ കച്ചിന്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ സെക്രട്ടറി പാസ്റ്റര്‍ സാവു റായാണ് പുറത്തു വിട്ടത്. ഇരുവരും വടക്കന്‍ ഷാന്‍ സംസ്ഥാനത്തെ ലാഷിയോ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു.

ഏപ്രില്‍ 17-ന് വൈകിട്ട് 4 മണിക്ക് ജയില്‍ മോചിതരായി സ്വവസതിയില്‍ എത്തിയതായി പാസ്റ്റര്‍ സാവു റാ അറിയിച്ചു. മ്യാന്‍മറില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് യു വിന്‍ മിയന്റ് തന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം ജയിലുകളില്‍ തടവില്‍ കഴിഞ്ഞിരുന്ന 8,500 തടവുകാരെ പൊതുമാപ്പു നല്‍കി പുറത്തുവിടുന്ന പദ്ധതിയുടെ ഭാഗമായാണ് മോചിതരാക്കിയത്.

ഇതില്‍ 37 രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്. പാസ്റ്റര്‍ നവാങ്ങ് ഘട്ട് 4 വര്‍ഷവും 3 മാസവും തടവിനു ശിക്ഷിക്കപ്പെട്ടു. പാസ്റ്റര്‍ ഗാം ഹസങ്ങ് 2 വര്‍ഷവും 3 മാസവും തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. 2017 ഒക്ടോബര്‍ 27നായിരുന്നു ജയില്‍ശിക്ഷ വിധിച്ചത്.

ഇരുവര്‍ക്കും കച്ചിന്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്‍ഗനൈസേഷന്‍ എന്ന സായുധ ഗോത്ര വിഭാഗങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പട്ടാളം അറസ്റ്റു ചെയ്തത്. കച്ചിന്‍ ഗോത്ര വിഭാഗങ്ങളുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്തിരുന്ന ഇവരെ ചാര പ്രവര്‍ത്തി ആരോപിച്ചായിരുന്നു കേസെടുത്തിരുന്നത്.