ഇറാനില്‍ നൂറുകണക്കിനു ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നീക്കം

Breaking News Middle East

ഇറാനില്‍ നൂറുകണക്കിനു ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നീക്കം
ടെഹ്റാന്‍ ‍: ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഹൌസ് ചര്‍ച്ചുകള്‍ (വീടുകളിലെയും മറ്റു കെട്ടിടങ്ങളിലെയും വിശ്വാസികളുടെ രഹസ്യ ആരാധനാ കേന്ദ്രം) ഉള്ളത് ഇറാനിലാണ്.

 

ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും ക്രൈസ്തവ ആരാധനകള്‍ക്കും പരസ്യമായ നിരോധനം ഉണ്ടായിട്ടും പതിനായിരക്കണക്കിനു വിശ്വാസികളാണ് ഇത്തരം ഹൌസ് ചര്‍ച്ചുകളില്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിച്ചു വരുന്നത്.

 

എന്നാല്‍ ഇറാന്‍ സര്‍ക്കാരിന്റെ ചില ദിവസങ്ങള്‍ക്കു മുമ്പുണ്ടായ നീക്കങ്ങള്‍ ദൈവജനത്തിനു പ്രതികൂലങ്ങള്‍ സൃഷ്ടിക്കുവാനിടയായിരിക്കുകയാണ്. രാജ്യത്തെ ക്രൈസ്തവരുടെ ഹൌസ് ചര്‍ച്ചുകള്‍ കണ്ടെത്തി അവ എത്രയും പെട്ടന്ന് അടച്ചുപൂട്ടുവാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകൂടം ആഹ്വാനം ചെയ്തിരിക്കുകയാണ്.

 

ഇത് കൂടുതലായി പെന്തക്കോസ്തു സഭകളെയും മറ്റു ചില സുവിശേഷ വിഹിത സഭകളെയുമാണ് കൂടുതല്‍ ബാധിക്കുക. രാജ്യത്ത് ദിവസവും നൂറുകണക്കിനു മുസ്ളീങ്ങളാണു കര്‍ത്താവിങ്കലേക്കു വന്നുകൊണ്ടിരിക്കുന്നത്. ഇവര്‍ സ്നാനപ്പെടുവാനായി വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്.

 

മതപരിവര്‍ത്തനം കര്‍ശനമായി നിരോധിച്ചിട്ടുള്ള ഇറാനില്‍ ജനം ദൈവവചനത്തിനായി ദാഹിക്കുകയാണ്. രഹസ്യമായി ആയിരക്കണക്കിനു പാസ്റ്റര്‍മാരും മിഷണറിമാരും വിവിധ സ്ഥലങ്ങളില്‍ ജീവനെ പണയംവച്ചാണ് ജനങ്ങള്‍ക്കിടയിലേക്കു കര്‍ത്താവിന്റെ സുവിശേഷവുമായി എത്തുന്നത്.

 

പിടിക്കപ്പെട്ടാല്‍ തടവു ശിക്ഷയും, വധശിക്ഷ വരെയും ലഭിക്കാവുന്ന നിയമമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ അടുത്ത നാളില്‍ ഇറാനിലെ പരമോന്നത ഇസ്ളാമിക മതനേതാവു പോലും ക്രിസ്ത്യാനികളുടെ അത്ഭുതമുളവാക്കുന്ന വളര്‍ച്ചയില്‍ ആശങ്കപ്പെട്ട സംഭവം വാര്‍ത്തയായതാണ്.

 

ഇടുങ്ങിയ വീടുകളിലും രഹസ്യ കെട്ടിടങ്ങളിലും അടച്ചുപൂട്ടി മുറിയ്ക്കുള്ളില്‍ ഇരുന്ന് കര്‍ത്താവിനെ ആരാധിക്കുകയാണ്. ബൈബിള്‍ ക്ലാസ്സും മറ്റു ആത്മീക യോഗങ്ങളും രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്.

 

പല ഹൌസ് ചര്‍ച്ചുകള്‍ക്കും ഏകോപനമുണ്ട്. നൂറോളം ഹൌസ് ചര്‍ച്ചുകളുടെ ചുമതലയുള്ള ഒരു പാസ്റ്റര്‍ തന്റെ ആശങ്ക പുറത്തു പറയുന്നു. കഷ്ടപ്പെട്ട് വിശ്വാസത്തിലേക്കു ജനത്തെ കൊണ്ടുവന്നു കഴിയുമ്പോള്‍ ഇത്തരം നടപടികള്‍ വേദന ഉളവാക്കുന്നുവെന്ന് പാസ്റ്റര്‍ പറയുന്നു.