വായിലെ ക്യാന്‍സര്‍ ആരംഭത്തിലെ പ്രതിരോധിക്കാം

Breaking News Health

വായിലെ ക്യാന്‍സര്‍ ആരംഭത്തിലെ പ്രതിരോധിക്കാം
ഇന്ന് പ്രായഭേദമെന്യേ പാന്‍ മസാല ഉപയോഗങ്ങളും, പുകവലി, മദ്യാപാനം തുടങ്ങിയ ദുഃശ്ശീലങ്ങളും വര്‍ദ്ധിച്ചു വരുന്ന കാലമാണല്ലോ. ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ത്തന്നെ ഇതിന്റെ അപകടകരമായ ദൂഷ്യ വശങ്ങള്‍ പലര്‍ക്കും അറിയാവുന്നതുമാണ്.

 

എന്നിട്ടും ലഹരിക്ക് അടിമകളായതിനാല്‍ ഒഴിവാക്കുവാന്‍ ബുദ്ധിമുട്ടുന്നതാണ് സ്വയം നാശത്തിലേക്ക് നയിക്കപ്പെടുന്നത്. ലഹരി ഉപയോഗിക്കുന്നവരെ പിടകൂടുവാന്‍ സാദ്ധ്യതയുള്ള രോഗങ്ങളില്‍ ഒന്നാണ് വായിലെ ക്യാന്‍സര്‍ ‍.

 

സ്ഥിരമായി വായില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ തിരുകി നടക്കുന്നവരെ മിക്കവാറും ഇത് പിടികൂടും. വായിലെ ക്യാന്‍സര്‍ കണ്ടുപിടിക്കുന്നത് താമസിക്കുന്തോറും ഇതിന്റെ ഗുരുതരാവസ്ഥയും കൂടി വരും. അതിനായി ആരംഭത്തിലെ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നടത്തിയാല്‍ വായിലെ ക്യാന്‍സര്‍ തുടച്ചു നീക്കാനാകും.

 
വായ്ക്കുള്ളില്‍ വെളുത്ത തടിപ്പുകള്‍ കാണപ്പെടുകയാണ് പ്രാരംഭ ലക്ഷണം. കവിളുകള്‍ക്കുള്ളിലെ ഭാഗത്തായിരിക്കും ഇവ മിക്കവാറും പ്രത്യക്ഷപ്പെടുക. എന്നാല്‍ ഇത് ശ്രദ്ധിക്കപ്പെടണമെന്നുമില്ല. കവിളിലും മറ്റും നൂലുപോലെ വെളുത്ത വരകള്‍ കാണുന്നതും മറ്റൊരു ലക്ഷണമാണ്. തൊലി കട്ടിയായി വായ തുറക്കാന്‍ പ്രയാസമായി തോന്നും.

 

സൈനസില്‍ വരുന്ന കാന്‍സറിന്റെ തടിപ്പുകളും വായിലേക്കു വ്യാപിക്കുന്നതു കാണാറുണ്ട്. ഭക്ഷണത്തിലെ എരിവുകൊണ്ട് പുകച്ചില്‍ അനുഭവപ്പെടും. പല്ല് ഒഴിച്ച് വായിലെ മറ്റു ഭാഗങ്ങളായ കീഴ്ചുണ്ട്, നാക്കിനു താഴെ, നാക്കിന് ഒരു വശത്തും, കവിള്‍ ‍, മോണ, അണ്ണാക്കിനു പിറകു വശം എന്നിവിടങ്ങളിലെല്ലാം അര്‍ബുദം ബാധിക്കാം.

 

നാക്കിനു അടിയില്‍ ക്യാന്‍സര്‍ ബാധിച്ചാല്‍ ചികിത്സ ശ്രമകരമായിരിക്കും. ഇത് പെട്ടന്നു വ്യാപിക്കുകയും ചെയ്യും. പല്ലിന്റെ ഭാഗങ്ങള്‍ എല്ലിനടിയില്‍ കുടുങ്ങിക്കിടന്ന് ക്യാന്‍സറിനു കാരണമാകുന്നതായി അപൂര്‍വ്വമായി കണ്ടുവരുന്നുണ്ട്.

 

ക്യാന്‍സര്‍ ബാധ കണ്ടെത്തി ചികിത്സിക്കാതിരുന്നാല്‍ ഇത് വ്യാപിച്ച് മറ്റ് അവയവങ്ങളേയും ബാധിക്കാനിടയുണ്ട്. അതുകൊണ്ട് പെട്ടന്നുതന്നെ പ്രതിവിധികള്‍ ചെയ്യുക.

Leave a Reply

Your email address will not be published.