ആഗോള താപനം: മരുഭൂമിയിലെ കപ്പലിനുപോലും രക്ഷയില്ലെന്ന് ശാസ്ത്രജ്ഞര്‍
ആഗോള താപനം മൂലം കനത്ത ദുരിതങ്ങള്‍ അനുഭവിക്കുമ്പോള്‍ മനുഷ്യര്‍ക്കു പുറമേ മൃഗങ്ങള്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് സമീപകാല അനുഭവങ്ങള്‍ വരച്ചു കാട്ടുന്നു.
ഏത് കനത്ത വെയിലിലും ഉഷ്ണ തരംഗവും കൊടും വരള്‍ച്ചയും അതിജീവിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വ മൃഗമാണ് ഒട്ടകം.
മരുഭൂമിയിലെ കപ്പലുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒട്ടകങ്ങള്‍ വെള്ളമില്ലാതെ ദിവസങ്ങളോളം കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട്. മറ്റൊരു മൃഗത്തിനും ഇല്ലാത്ത അപാരമായ കഴിവ്.
എന്നാല്‍ മനുഷ്യന്റെ മരുഭൂമി ജീവിതത്തിന്റെ ഏറ്റവും അവിഭാജ്യ ഘടകവും നട്ടെല്ലുമായ ഒട്ടകങ്ങള്‍ക്കു പോലും ഇന്ന് മരുഭൂമികള്‍ അത്രയ്ക്കു ശുഭകരമല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഗോള താപനത്തിന്റെ കടുത്ത പ്രഹരം ഏറ്റുവാങ്ങുകയാണ് ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ഒട്ടകങ്ങള്‍. ഇന്ന് അവ അതിജീവനത്തിന്റെ പാതയിലാണ്.
ഒട്ടകങ്ങള്‍ ഇന്ന് കടുത്ത നിര്‍ജ്ജലീകരണം, സൂര്യാഘാതം, രോഗങ്ങള്‍ മൂലം ചത്തുവീഴുകയാണെന്ന് ശാസ്ത്രജ്ഞരും മൃഗസംരക്ഷണ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ഉത്തരാഫ്രിക്ക, ഹോണ്‍ ഓഫ് ആഫ്രിക്ക, സോമാലിയ, എത്യോപ്യ, ജിബൂട്ടി, എറിത്രിയ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ മരുഭൂമികളില്‍ ഉഷ്ണ തരംഗം നിത്യ സംഭവമായി മാറിക്കഴിഞ്ഞു.
ഈ പ്രദേശങ്ങളില്‍ താപനില പതിവായി 50 ഡിഗ്രിക്കു മുകളിലാണ്. ഒട്ടകങ്ങളുടെ സ്വാഭാവിക ശരീര പ്രകൃതിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് നിലവിലെ അന്തരീക്ഷ താപനില.
സാധാരണയായി 40 ഡിഗ്രി വരെയുള്ള ചൂട് ഒട്ടകങ്ങള്‍ക്ക് സുഖകരമായി അതിജീവിക്കാന്‍ കഴിയും.
എന്നാല്‍ താപനില ഉയരുകയാണെങ്കിലോ, കുടിവെല്ളമോ മേച്ചില്‍പ്പുറങ്ങളോ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ ഒട്ടകങ്ങള്‍ കടുത്ത ഹീറ്റ് സ്ട്രോക്കുകള്‍ക്കാണ് ഇരയാകുന്നത്.

