ആണവായുധം നിര്‍മ്മിക്കില്ലെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താമെന്ന് ഇറാന്‍ പ്രസിഡന്റ്
ടെഹ്റാന്‍: ഒരൊറ്റ കാര്യത്തിലാണ് ഇറാനെതിരെ യിസ്രായേലും അമേരിക്കയും വര്‍ഷങ്ങളായി കൊമ്പുകോര്‍ത്തിരുന്നത്.
ഇറാന്‍ ആണവായുധം നിര്‍മ്മിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ അത് യിസ്രായേല്‍ ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാകുമെന്നുമായിരുന്നു പ്രധാന വാദം.
എന്നാല്‍ ഇപ്പോള്‍ അതിനു വ്യക്തമായ ഒരു സ്ഥിരീകരണം നല്‍കുകയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്ക്കിയാന്‍.
ആണവായുധം നിര്‍മ്മിക്കുന്നില്ലെന്നും ആ കാര്യം ലോകത്തെ ബോദ്ധ്യപ്പെടുത്താന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നുമാണ് കഴിഞ്ഞ ദിവസം പെസഷ്ക്കിയാന്‍ അറിയിച്ചത്.
യു.എസുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.
തങ്ങളുടെ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാണെന്നും ഇറാന്‍ അറിയിച്ചു.
ഇറാന്റെ ഈ പ്രഖ്യാപനത്തെ സമാധാനത്തിനുള്ള ഒരു ശുഭ സൂചനയായി ലോകരാഷ്ട്രങ്ങള്‍ കരുതുന്നു.

