ദുരന്തമുഖത്ത് രക്ഷകനാകാന്‍ ചൈനയുടെ റോബോട്ടിക് എലി
ബീജിംഗ്: പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി റോബോട്ടിക് എലിയെ സൃഷ്ടിച്ച് ചൈന. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ ക്വിങ് ഷിയാണ് റോബോട്ടിക് എലിയുടെ സൃഷ്ടാവ്.
മെലിഞ്ഞ ശരീര പ്രകൃതിയും ഏതു ചെറിയ വഴികളില്‍കൂടിയും വേഗത്തില്‍ സഞ്ചരിക്കാനുള്ള പ്രത്യേകതയുമാണ് എലികളെ രക്ഷാപ്രവര്‍ത്തക റോബോട്ടുകളാകാന്‍ മാതൃകയാക്കിയതെന്ന് ക്വിങ് പറയുന്നു.
റോബോട്ടിക് എലിയ്ക്ക് സ്ക്വീറോ എന്നാണ് പോരിട്ടിരിക്കുന്നത്. മുന്‍ കാലുകളും അരയും ഉള്‍പ്പെടെ എല്ലാം ചലിക്കുന്ന രീതിയിലാണ് സ്ക്വീറോയെ നിര്‍മ്മിച്ചിട്ടുള്ളത്. യഥാര്‍ത്ഥ എലികളുടേതിന് സമാനമായ ചലനങ്ങള്‍ തന്നെ ഇവയ്ക്കും സാധ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
നേരത്തെ കാലുകള്‍ക്ക് പകരം വീലുകളായിരുന്നു സ്ക്വീറോയ്ക്കുണ്ടായിരുന്നത്. പിന്നീട് ചലനങ്ങളുടെ വേഗതയ്ക്കായി കാലുകള്‍ ഘടിപ്പിക്കുകയായിരുന്നു.
പൂര്‍ണമായി വികസിപ്പിക്കുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്താല്‍ സ്ക്വീറോയെ ദുരന്ത നിവാരണ സേനയുടെ സഹായങ്ങളില്‍ ഉപയോഗിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.