യേശുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികം; യോര്‍ദ്ദാന്‍ ലോക സുവിശേഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
അമ്മാന്‍: ലോക രക്ഷകനും ദൈവവുമായ യേശുക്രിസ്തു സ്നാനമേറ്റതിന്റെ 2000-മത്തെ വാര്‍ഷികം 2030-ല്‍ ആഘോഷിക്കുന്നതിന്റെ മുന്നോടിയായി മത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോള സുവിശേഷ-സഭ-സംഘടനകളുമായുള്ള സഹകരണത്തിന്റെ ഭാഗമായി മുതിര്‍ന്ന സുവിശേഷ നേതാക്കളുമായി ജനുവരി 19-ന് രാജ്യ തലസ്ഥാനമായ അമ്മാനില്‍ യോര്‍ദ്ദാന്‍ ടൂറിസം-പുരാവസ്തു മന്ത്രി ഇമാദ് ഹിജാസിന്‍ കൂടിക്കാഴ്ച നടത്തി.
യോര്‍ദ്ദാന്‍ സമീപ മാസങ്ങളില്‍ ബെഥനി ബിയോണ്ട് ദി യോര്‍ദ്ദാന്‍ ഉള്‍പ്പെടെയുള്ള പ്രധാന ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്.
ഏകോപനവും സഹകരണവും ചര്‍ച്ച ചെയ്യുന്നതിനായി വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് (ഡബ്ളിയുഇഎ) യില്‍ നിന്നുള്ള നേതാക്കളുടെ ഒരു സംഘത്തെ ഹിജാസിന്‍ സ്വീകരിച്ചതായി ടൂറിസം-പുരാവസ്തു വകുപ്പ് മന്ത്രാലയം അറിയിച്ചു.
ഡബ്ളിയുഇഎ സെക്രട്ടറി ജനറല്‍ റവ. ബ്രൊട്രേസ് മന്‍സൂര്‍, മിഡില്‍ ഈസ്റ്റിനായുള്ള വേള്‍ഡ് ബാപ്റ്റിസ്റ്റ് അലയന്‍സിന്റെ അംബാസിഡര്‍ റവ, നബിഹ് അബ്ബാസി, ബേത്ലഹേം ബൈബിള്‍ കോളേജ് പ്രസിഡന്റ് റവ. ജാക്ക് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
ജോര്‍ദ്ദാന്‍ സര്‍ക്കാരിന്റെ സ്വീകരണത്തിനും സഹകരണത്തിനും പങ്കെടുത്ത സുവിശേഷ നേതാക്കള്‍ നന്ദി പറകയും കൂടുതല്‍ സഹകരണത്തിനുള്ള നല്ല മനസ്സിനെയും പ്രശംസിച്ചു.
യേശു 30-മത്തെ വയസ്സില്‍ യോഹന്നാന്റെ കൈക്കീഴില്‍ യോര്‍ദ്ദാനില്‍ സ്നാനമേറ്റതായി ബൈബിള്‍ പറയുന്നു. യേശുവിന്റെ ജനനം ബിസി 4-ലോ മറ്റോ ആയിരുന്നുവെന്നാണ് വേദ പണ്ഡിതന്മാരുടെയും ചരിത്രകാരന്മാരുടെയും അഭിപ്രായം.
അങ്ങനെയെങ്കില്‍ യേശു സ്നാനപ്പെട്ടത് എഡി 26-ല്‍ ആയിരിക്കാനാണ് സാദ്ധ്യത. എന്നാല്‍ യേശുവിന്റെ ജനനം ലോകത്തെ എഡി എന്നും ബിസി എന്നും രണ്ടായി തരംതിരിച്ചു എന്നുള്ളത് ലോകം അംഗീകരിക്കുന്നു.
ഈ കണക്കു പ്രകാരമാണ് യോര്‍ദ്ദാന്‍ ഇസ്ളാമിക സര്‍ക്കാര്‍ യേശുവിന്റെ സ്നാനവര്‍ഷം ആണെന്നും അത് ആഘോഷിക്കാന്‍ തീരുമാനിച്ചതും.

