ലാവോസില്‍ ഗ്രാമീണരെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു പാസ്റ്ററെ അധികൃതര്‍ പട്ടണ മദ്ധ്യത്തില്‍ കെട്ടിയിട്ടു
വിയന്റിയാര്‍: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി ഗ്രാമീണരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിനു ഒരു പാസ്റ്ററെ തദ്ദേശ സ്വയംഭരണ സ്ഥാപനം പട്ടണ മദ്ധ്യത്തിലെ ഒരു തൂണില്‍ പരസ്യമായി കെട്ടിയിട്ടു. സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേരല്ലാത്ത പാസ്റ്റര്‍ ബൌച്ചന്‍ (49) ആണ് പരസ്യമായ അതിക്രമത്തിനിരയായത്.
രണ്ട് കുട്ടികളുടെ പിതാവാണ് പാസ്റ്റര്‍. തെക്കന്‍ ലാവോസില്‍ ആണ് സംഭവം നടന്നത്. ബുദ്ധമത ഭൂരിപക്ഷമുള്ള ലാവോസില്‍ പാസ്റ്റര്‍ ബൌച്ചന്റെ അനുഭവ സാക്ഷ്യങ്ങളും സുവിശേഷ പ്രവര്‍ത്തനവും മൂലം നിരവധി കുടുംബങ്ങള്‍ ക്രിസ്ത്യാനികളായി.
ഇതേത്തുടര്‍ന്ന് വിശ്വാസികള്‍ ക്രിസ്തുമതം ഉപേക്ഷിക്കുകയോ ഗ്രാമം വിട്ടു പോവുകയോ ചെയ്യണണെന്ന് പ്രാദേശിക അധികാരികള്‍ ആവശ്യപ്പെട്ടപ്പോള്‍ പാസ്റ്റര്‍ ബൌച്ചനും വിശ്വാസികളും ഈ ആവശ്യം നിരസിച്ചു.
തുടര്‍ന്ന് പ്രകോപിതരായ അധികാരികള്‍ പാസ്റ്ററുടെ കൈകള്‍ പട്ടണ മദ്ധ്യത്തിലുള്ള തൂണില്‍ കെട്ടിയിട്ടു. തിരുമാനം ഉപേക്ഷിക്കുന്നതുവരെ ബന്ധിക്കപ്പെട്ട നിലയില്‍ കഴിയണമെന്നു അധികാരികള്‍ പറഞ്ഞു.
അങ്ങനെ 12 മണിക്കൂറുകളോളം പാസ്റ്റര്‍ കെട്ടിയിടപ്പെട്ടു. ഈ സമയം ഗ്രാമത്തില്‍ പാസ്റ്ററുടെ വീടുള്‍പ്പെടെ ക്രിസ്ത്യാനികളുടെ വീടുകള്‍ ആയുധം ഉപയോഗിച്ച് തകര്‍ക്കുവാന്‍ മറ്റ് ഗ്രാമവാസികളെ പ്രേരിപ്പിച്ചു.
എങ്കിലും തീരുമാനത്തില്‍നിന്ന് പാസ്റ്ററും വിശ്വാസികളും പിന്നോക്കം പോയില്ല. വിശ്വാസികളെ നാടു കടത്തി, അവര്‍ വനത്തില്‍ അഭയം തേടി. സംഭവം അറിഞ്ഞ് ചില ക്രിസ്ത്യന്‍ സംഘടനകള്‍ ഇടപെടുകയും സഹായിക്കുകയും ചെയ്തു.
പാസ്റ്റര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നെങ്കിലും അധികാരികള്‍ കെട്ടഴിച്ചു മോചിപ്പിച്ചു. ലോകത്ത് ക്രൈസ്തവ പീഢനങ്ങളില്‍ ലാവോസ് 26-മത്തെ സ്ഥാനത്താണ്. 7.6 ദശലക്ഷം ജനങ്ങളില്‍ ക്രൈസ്തവര്‍ 212000 മാത്രമാണ്.

