ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ പട്ടികജാതി പദവി നഷ്ടമാകുമെന്ന് ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ പട്ടികജാതി പദവി നഷ്ടമാകുമെന്ന് ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി

Breaking News India

ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ പട്ടികജാതി പദവി നഷ്ടമാകുമെന്ന് ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡെല്‍ഹി: പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഏതൊരു വ്യക്തിയും ക്രിസ്തുമതം സ്വീകരിച്ചാല്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പട്ടികജാതി ആനുകൂല്യങ്ങള്‍ സ്വമേധയാ നഷ്ടപ്പെടുമെന്ന് ഉറപ്പാക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഇത്തരത്തില്‍ മതം മാറിയവര്‍ക്ക് ആനുകൂല്യങ്ങള്‍ തുടര്‍ന്നാല്‍ അത് ഭരണഘടനയോടുള്ള വഞ്ചനയും സംവരണ നയങ്ങളുടെ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ജസ്റ്റിസ് പ്രവീണ്‍ കുമാര്‍ ഗിരി വ്യക്തമാക്കി.

ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസികള്‍ ഒഴികെ മറ്റാരെയും പട്ടികജാതി സമൂഹത്തിന്റെ അംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന 1950-ലെ ഭരണഘടനാ ഉത്തരവിലെ മൂന്നാം ഖണ്ഡിക ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പ്രവീണ്‍ കുമാര്‍ വിധി പ്രസ്താവിച്ചത്.

ദളിത് ക്രൈസ്തവര്‍ക്കും പട്ടികജാതി പദവി നല്‍കണമെന്ന ക്രൈസ്തവ സഭകളുടെ കാലങ്ങളായുള്ള ആവശ്യം നിലനില്‍ക്കവെയാണ് അലഹബാദ് ഹൈക്കോടതിയില്‍നിന്ന് ഇത്തരത്തില്‍ ഒരു ഉത്തരവ് ഉണ്ടാകുന്നത്.

ക്രൈസ്തവ മതം പ്രഘോഷിച്ചു എന്നതിന്റെ പേരില്‍ മതവികാരത്തെ അപമാനിക്കല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിതേന്ദ്ര സഹാനി എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ തീരുമാനം.

സഹാനി ക്രിസ്തുമതം സ്വീകരിച്ചെങ്കിലും സത്യവാങ്മൂലത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് പരാമര്‍ശിച്ചിരുന്നതായി കോടതി കണ്ടെത്തി. ഇത് പരസ്പര വിരുദ്ധമാണെന്നും നിയമ വിരുദ്ധമായി പട്ടികജാതി ആനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ സഹാനി ശ്രമിച്ചിരിക്കാമെന്നും പറഞ്ഞു.

തുടര്‍ന്നാണ് ഇത്തരം വിഷയത്തില്‍ സംസ്ഥാന വ്യപകമായി കൂടുതല്‍ അന്വേഷണത്തിനു യുപി. സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. ക്രിസ്തു മതത്തില്‍ ജാതി വ്യവസ്ഥ ഇല്ലാത്ത സാഹചര്യത്തില്‍ മതപരിവര്‍ത്തനത്തിനുശേഷം പട്ടികജാതി പദവി നിലനിര്‍ത്തുന്നത് ആനുകൂല്യങ്ങള്‍ വ്യജമായി അവകാശപ്പെടുന്നതിനു തുല്യമാണെന്ന് കോടതി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ മജിസ്ട്രേറ്റുമാരോടും കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി നാലു മാസത്തെ സമയവും അനുവദിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.