ഒട്ടകം, കുതിര എന്നിവയുടേതിനു സമാനമായ തലയും പാമ്പിന്റെ ശരീരവും; അജ്ഞാത ജീവിയെ പിടികൂടാന്‍ ഗവേഷകര്‍
ലണ്ടന്‍ : സ്ക്കോട്ട്ലണ്ടിലെ ലോക്നെസ് തടാകത്തില്‍ ജീവിക്കുന്നതെന്ന് കാലങ്ങളായി വിശ്വസിക്കുന്ന ലോക്നെസ് മോണ്‍സ്റ്റര്‍ അഥവാ നെപി എന്ന ഐതിഹാസിക അജ്ഞാത ജീവിക്കായുള്ള വമ്പന്‍ പര്യവേഷണ പദ്ധതിക്ക് ഈ മാസം ഒടുവില്‍ തുടക്കം കുറിക്കും.
നിലവില്‍ ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ നടക്കുന്ന പര്യവേഷണം 26-നും 27-നും ഡ്രംന ഡ്രോകിറ്റിലെ ലോക്നെസ് സെന്ററും ലോക്നെസ് എക്സ്കൊറേഷന് എന്ന റിസര്‍ച്ച് ടീമും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്രയും വലിയതും സുസജ്ജവുമായ പര്യവേഷണ ദൌത്യം ലോക്നെസില് നടക്കുന്നത്.
ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ തടാകത്തിന് മുകളിലൂടെ പറക്കും. ജലത്തിനടിയില്നിന്നു വരുന്ന അസ്വഭാവിക ശബ്ദങ്ങള്‍ പിടിച്ചെടുക്കാന്‍ ഹൈഡ്രോഫോണും ഉപയോഗിക്കും. തടാകത്തിന് ചുറ്റുമുള്ള കരയിലെ സുരക്ഷിത മേഖലകളില്‍ നിന്ന് നെസിയ്ക്കായി നിരീക്ഷണം നടത്തും.
ദൌത്യത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ നിശ്ചിത പണമടയ്ക്കണം. 1972-ലാണ് ലോക്നെസ് തടാകത്തില്‍ നെസിയെ കണ്ടെത്താന്‍ വലിയ തോതിലെ പര്യവേഷണ ദൌത്യം നടന്നത്.
സ്കോട്ടിഷ് നാടോടിക്കഥകളില്‍ പരാമര്‍ശിക്കുന്ന അജ്ഞാത ജീവിയായ നെസി ഇപ്പോഴും തടാകത്തിന്റെ അടിത്തട്ടിലെവിടെയോ ഉണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. നെസിയെ കണ്ടെത്താന്‍ അനേകര്‍ ശ്രമം നടത്തിയിരുന്നു.
നെസിയുടെ രഹസ്യം തേടുന്നവര്‍ക്കായി ലോക്നെസ് തടാകക്കരയില്‍ ലൈവ് വെബ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഒട്ടകം, കുതിര എന്നിവയ്ക്കു സമാനമായ തലയും പാമ്പിന്റെ ശരീരവുമാണത്രെ നെസിക്ക്. ഏകദേശം ആറടിയോളം നീണ്ട കഴുത്തോടുകൂടിയ നെസിക്ക് ഡ്രാഗണുമായി സാമ്യമുണ്ടത്രെ.
ആറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട സ്കോട്ടിഷ്, ഐറിഷ് ഗ്രന്ഥങ്ങളില്‍ ഈ ഭീകര ജീവിയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. 1933-ല്‍ ഹ്യു ഗ്രെ എന്ന വ്യക്തി നെസിയുടേതെന്ന് അവകാശപ്പെട്ട ഒരു ചിത്രം പകര്‍ത്തിയിരുന്നു.
60-കളില്‍ ഒരു വീഡിയോ ചിത്രവും പുറത്തു വന്നു. സമീപകാലത്ത് അജ്ഞാത ജീവി മുങ്ങിമറയുന്നതും നീന്തുന്നതും കണ്ടെന്ന് നിരവധി പേര് അവകാശപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വിപുലമായ അന്വേഷണത്തിനു ഗവേഷകര്‍ തയ്യാറായത്.

