ആരാധനയ്ക്കിടെ തട്ടിക്കൊണ്ടുപോയ 38 വിശ്വാസികളെ സുരക്ഷാ സേന മോചിപ്പിച്ചു
വടക്കന്‍-മദ്ധ്യ നൈജീരിയായില്‍ കഴിഞ്ഞ ആഴ്ച സഭാ ആരാധനയ്ക്കിടയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ 38 വിശ്വാസികളെ സുരക്ഷാ സേനയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത റെയ്ഡില്‍ മോചിപ്പിച്ചു.
നവംബര്‍ 18-ന് എറുക്കു സമൂഹത്തിലെ ക്രൈസ്റ്റ് അപ്പോസ്ളെക് ചര്‍ച്ചിലെ ഒരു സായാഹ്ന പ്രാര്‍ത്ഥനാ യോഗത്തിനിടയിലാണ് ആയുധധാരികളായ 10 പേര്‍ ആരാധനാ ഹാളിനുള്ളിലേക്ക് ഇരച്ചു കയറി ചര്‍ച്ചിനു തീവെച്ചശേഷം മരണത്തില്‍നിന്നും രക്ഷപെട്ട വിശ്വാസികളെ തട്ടിക്കൊണ്ടുപോയത്.
ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബുവിന്റെ നേരിട്ടുള്ള ഇടപെടലാണ് ഈ ഓപ്പറേഷന് കാരണമായതെന്നും തട്ടിക്കൊണ്ടുപോകപ്പെട്ട മുഴുവന്‍ പേരെയും മോചിപ്പിച്ചതായി സംസ്ഥാന ഗവര്‍ണര്‍ അബ്ദുള്‍ റഹ്മാന്‍ പ്രഖ്യാപിച്ചു.
ഫുലാനി തീവ്രവാദികളാണ് തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികള്‍ ആദ്യം ഒരാള്‍ക്ക് 100 മില്യണ്‍ നയരാ (60000 ഡോളര്‍) ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് 20 മില്യണ്‍ നയരായി കുറച്ചു എന്നും പറയപ്പെടുന്നു.

