മനശ്ശെ ഗോത്രക്കാരായ ഇന്ത്യയിലെ 5800 ബ്നെയ് മെനാഷെക്കാരെ യിസ്രായേലിലേക്ക് എത്തിക്കുന്നു
യെരുശലേം: 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ബ്നെയ് മെനാഷെ സമൂഹത്തിലെ ഏകദേശം 5800 അംഗങ്ങളെ മാതൃ ദേശത്തേക്ക് കൊണ്ടുവരാനുള്ള ഒരു ബഹുവര്‍ഷ പദ്ധതിക്ക് യിസ്രായേല്‍ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചു.
ഈ നീക്കത്തെ തന്ത്രപരവും ജനസംഖ്യാപരവുമായ പ്രാധാന്യമുള്ളതായി സര്‍ക്കാര്‍ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഈ തീരുമാനത്തെ പ്രധാനപ്പെട്ടതും സയണിസം എന്നുമാണ് വിശേഷിപ്പിച്ചത്.
ലെബനനിലെ ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം രൂക്ഷമായി ബാധിച്ച വടക്കന്‍ മേഖലയായ ഗലിലയെ ശക്തിപ്പെടുത്തുവാന്‍ പുതിയ കുടിയേറ്റക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി പ്രകാരം 1200 കുടിയേറ്റക്കാരുടെ ആദ്യ സംഘം അടുത്ത വര്‍ഷം എത്തും. കുടുംബങ്ങളെ സംയോജിപ്പിക്കാന്‍ സഹായിക്കുന്നതിന് സാമ്പത്തിക സഹായം, ഹീബ്രു ഭാഷാ കോഴ്സുകള്‍, തൊഴില്‍ നിയമന പിന്തുണ, താല്‍ക്കാലിക ഭവന നിര്‍മ്മാണം, മറ്റ് സാമൂഹിക പരിപാടികള്‍ എന്നിവ യിസ്രായേലിന്റെ സ്വാംശീകരണ മന്ത്രാലയം നല്‍കും.
പ്രാരംഭ ഘട്ടത്തിന് ഏകദേശം 274 മില്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യിസ്രായേലിലേക്ക് കുടിയേറിയ ഏകദേശം 4000 ബ്നെയ് മെനാഷെയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇന്ത്യന്‍ സര്‍ക്കാരമായി സംയുക്തമായാണ് ഈ സംരംഭം ഏകോപിപ്പിച്ചത്.
ഇന്ത്യയിലെ മിസോറാം, മണിപ്പൂര്‍ പ്രദേശങ്ങളില്‍നിന്നുള്ള ഒരു ചെറിയ സമൂഹമായ ബ്നെയ് മെനാഷെ യിസ്രായേലിലെ നഷ്ടപ്പെട്ട ഗോത്രങ്ങളില്‍ ഒന്നായ മനെശ്ശെയുടെ ഗോത്രത്തിന്റെ പിന്‍ഗാമികളാണെന്ന് തിരിച്ചറിയുകയും യിസ്രായേല്‍ അംഗീകരിക്കുകയും ചെയ്തു.
ബൈബിളില്‍ യോസഫിന്റെ രണ്ടു മക്കളില്‍ ഒരാളായ മനെശ്ശെ (ഉല്‍പ്പത്തി 48) യുടെ ഗോത്രമാണ്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയില്‍ ഇവര്‍ ക്രിസ്ത്യാനികളായി ജീവിക്കുകയായിരുന്നു. ഇവര്‍ ചിന്‍, മിസോ വംശീയ വിഭാഗത്തില്‍പ്പെട്ടവരായി ജീവിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അമിഷാവ് ഗ്രൂപ്പിലെ യിസ്രായേലി റബ്ബി എലിയാഹു അവിചൈല്‍ മനെശ്ശെയില്‍നിന്നുള്ള അവരുടെ വംശാവലി അടിസ്ഥാനമാക്കി ഈ ആളുകളെ ബ്നെയ് മെനാഷെ എന്നു നാമകരണം ചെയ്തു.
എന്നിരുന്നാലും 2005 വരെ യിസ്രായേല്‍ ബ്നെയ് മെനാഷെയുടെ കുടിയേറ്റത്തെ ഔദ്യോഗികമായി പിന്തുണച്ചിരുന്നില്ല. എന്നാല്‍ അന്നത്തെ യിസ്രായേലിലെ സെഫാര്‍ഡി ചീഫ് റബ്ബിയായിരുന്ന റബ്ബി ശലോമോ അമര്‍ ബ്നെയ് മെനാഷെയെ നഷ്ടപ്പെട്ട ഗോത്രമായി അംഗീകരിച്ചു.
അടുത്തകാലത്ത് ഇവര്‍ യഹൂദ മതത്തിലേക്ക് തിരികെ വന്നു യഹൂദ ആചാരപ്രകാരം ജീവിക്കുന്നു. ഇന്ത്യയില്‍ അവര്‍ 5800 പേരുണ്ടെങ്കിലും യിസ്രായേലില്‍ ഇപ്പോള്‍ ആകെ 5000 പേര്‍ മാത്രമാണുള്ളത്.

