ഭൂമിയെ കാത്തിരിക്കുന്നത് പ്രളയ കാലമെന്ന് നാസ
ന്യുയോര്ക്ക്: ഭൂമിയെ കാത്തിരിക്കുന്നത് മഹാപ്രളയകാലമെന്ന് നാസ. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന വ്യതിയാനം 2020-കളുടെ പകുതിയില് തുടര് പ്രളയമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ചലനം കാരണം സമുദ്ര നിരപ്പ് ഉയരുമെന്നതാണ് വലിയ നാശനഷ്ടമുണ്ടാക്കാന് സാധ്യതയുള്ള പ്രളയത്തിലേക്ക് നയിക്കുക. ചന്ദ്രന്റെ ചലനംകൊണ്ട് സമുദ്ര നിരപ്പ് വലിയ തോതില് ഉയരും. തീരപ്രദേശങ്ങള് വെള്ളത്തിലാകും. സമുദ്ര നിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ ഗവേഷകരാണ് റിപ്പോര്ട്ടു തയ്യാറാക്കിയത്.
കഴിഞ്ഞ ദിവസങ്ങളില് ജര്മ്മനി മുതലായ യൂറോപ്യന് രാജ്യങ്ങളില് അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന റിപ്പോര്ട്ടുകള്ക്കിടെയാണ് നാസയുടെ പഠന റിപ്പോര്ട്ട് പുറത്തു വന്നത്. സമുദ്രത്തിലെ വേലിയേറ്റങ്ങള് സാധാരണയില് കവിഞ്ഞ് വലിയ അപകടം സൃഷ്ടിക്കുമെന്നാണ് പറയുന്നത്.
വേലിയേറ്റ സമയങ്ങളില് തിര ശരാശരി രണ്ട് അടിവരെയാണ് ഉയരുക. എന്നാല് ഈ ഘട്ടത്തില് കൂടുതല് ഉയരത്തില് പൊങ്ങും. ചന്ദ്രന്റെയും ഭൂമിയുടെയും സൂര്യന്റെയും സ്ഥാനങ്ങളെ ആശ്രയിച്ച് ചിലപ്പോള് ഒരു മാസമോ അതില് കൂടുതലോ നീണ്ടു നില്ക്കുന്ന ക്ലസ്റ്ററുകളില് വെള്ളപ്പൊക്കമുണ്ടാകും. ചിലപ്പോള് മാസത്തില് 15 തവണ വരെ വെള്ളപ്പൊക്കമുണ്ടാകാം.
ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്ത്തിയാക്കാന് 186 വര്ഷം എടുക്കും. ഇതില് പകുതി കാലം പ്രളയമുണ്ടാകുമെന്നാണ് ഗവേഷകരുടെ നിഗമനം. ചന്ദ്രന്റെ ചലനം എപ്പോളുമുണ്ട്. എന്നാല് താപനം മൂലം ഉയരുന്ന സമുദ്ര നിരപ്പും ചന്ദ്രന്റെ ചലനവും കൂടിച്ചേരുമ്പോഴാണ് അപകടകരമാംവിധം ഉയര്ച്ച ഉണ്ടാകുന്നത്.

