വാട്സാപ്പില്‍ അജ്ഞാത നമ്പരില്‍വന്ന വിവാഹ ക്ഷണക്കത്ത് തുറന്നയാള്‍ക്ക് നഷ്ടമായത് 1,90,000 രൂപ
ഇന്ന് സൈബര്‍ തട്ടിപ്പുകള്‍ കൂടുതല്‍ വ്യത്യസ്തമായ രീതിയിലാണ് ഇരകളെ വലയിലാക്കി തട്ടിപ്പു നടത്തുന്നത്.
അതുകൊണ്ട് പൊതു സമൂഹം കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതാണെന്ന രീതിയിലുള്ള ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ തുറക്കുന്നതിനു മുമ്പ് വളരെയേറെ ശ്രദ്ധിക്കണം.
ഒരു വിവാഹ ക്ഷണക്കത്ത് എന്ന പേരില്‍ വന്ന സന്ദേശം തുറന്നു നോക്കിയ സര്‍ക്കാര്‍ ജീവനക്കാരന് ന്ഷ്ടമായത് 1,90,000 രൂപയാണ്. അജ്ഞാത നമ്പരില്‍നിന്നാണ് സന്ദേശം വന്നത്. വിവാഹമാണ് തീര്‍ച്ചയായും വരണം 30-08-2025.
സ്നേഹമാണ് സന്തോഷത്തിലേക്കുള്ള വാതില്‍ തുറക്കുന്ന താക്കോല്‍ എന്നായിരുന്നു സന്ദേശം. ഇതിനു താഴെയായി പിഡിഎഫ് ഫയലെന്നു തോന്നിക്കുന്ന ഒരു വിവാഹ ക്ഷണക്കത്തും ഉണ്ടായിരുന്നു.
ഈ ഫയല്‍ ഓപ്പണ്‍ ചെയ്തതിനു പിന്നാലെ മഹാരാഷ്ട്രയിലെ ഹിംഗോലി ജല്ലക്കാരനായ സര്‍ക്കാര്‍ ജീവനക്കാരന് നഷ്ടമായത് 1,90,000 രൂപയാണ്.
വിവാഹ ക്ഷണക്കത്ത് എന്ന പേരില്‍ അജ്ഞാതന്‍ അയച്ചത് ഫോണില്‍ നുഴഞ്ഞു കയറി വിവരങ്ങള്‍ മോഷ്ടിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ പാക്കേജ് (എപികെ) ഫയല്‍ ആയിരുന്നു.
തുടര്‍ന്ന് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ് രൂപ കവര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് പണം നഷ്ടമായ വ്യക്തി ഹിംഗോലി പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും കേസ് രജിസ്റ്റര്‍ ചെയ്തു.
അപരിചിതരായ ആളുകള്‍ അയയ്ക്കുന്ന ഫയലുകള്‍ പ്രത്യേകിച്ച് എപികെ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യരുതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് ഇടയ്ക്കിടെ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്.

