ലോകത്തുനിന്നും പോളിയോ നിര്‍മ്മാര്‍ജ്ജനം കഴിയുന്നില്ല: തടസ്സം ഈ രണ്ടു രാജ്യങ്ങള്‍
പോളിയോ നിര്‍മ്മാര്‍ജ്ജനത്തിന്റെ വക്കോളമെത്തിയിട്ടും ലോകാരോഗ്യ സംഘടനയ്ക്കു അതു പൂര്‍ണ്ണമായി വിജയത്തിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല. തടസ്സമായി നില്‍ക്കുന്നത് രണ്ടു രാജ്യങ്ങള്‍ മാത്രം.
പാക്കിസ്ഥാനും, അഫ്ഗാനിസ്ഥാനും. 1988-ല്‍ തുടങ്ങിയതാണ് ലോകാരോഗ്യ സംഘടനയും അനുബന്ധ സ്ഥാപനങ്ങളും കൂടി ലോകത്തുനിന്ന് പോളിയോ എന്ന ഗുരുതര രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള യജ്ഞം.
എന്നാല്‍ അതിനു തൊട്ടടുത്തെത്തിയിട്ടും ഇതുവരെ ലക്ഷ്യത്തിലെത്താന്‍ സാധിച്ചിട്ടില്ല. 2021-ല്‍ ഏതാണ്ട് അടുത്തെത്തിയതാണ്. അപ്പോഴേക്കും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി അഞ്ച് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ അവിടംകൊണ്ടവസാനിച്ചില്ല. പോളിയോ വൈറസ് ബാധ പിന്നെയും വര്‍ദ്ധിച്ചു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം 99-ല്‍ എത്തി. അതോടെ പോളിയോ നിര്‍മ്മാര്‍ജ്ജനം എന്ന മഹാദൌത്യം പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയിലാണ് സംഘടന.
ആറു തവണയാണ് അവര്‍ അന്തിമ സമയം നീട്ടിയത്. അടുത്ത പ്രതീക്ഷ 2029-ല്‍ ആണ്. വളരെയധികം വ്യാപിക്കാന്‍ സാദ്ധ്യതയുള്ളതും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെ ഒരിക്കലും ശരിപ്പെടുത്താനാവാത്തവിധം തളര്‍ത്തുന്നതുമായ രോഗമാണ് പോളിയോ.
വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്ക് അകം കുട്ടികള്‍ തളര്‍ന്നു വീഴും. ലോകത്ത് ഇതിന് ചികിത്സയും കണ്ടെത്തിയിട്ടില്ല.
ഈ വര്‍ഷം പാക്കിസ്ഥാനില്‍ 4.5 കോടി കുട്ടികള്‍ക്കും അഫ്ഗാനിസ്ഥാനില്‍ 1.1 ലക്ഷം കുട്ടികള്‍ക്കും വാക്സിന്‍ നല്‍കാനാണ് തീരുമാനം.

