നന്ദി അര്‍പ്പിക്കുവാന്‍ ഒരാള്‍ മാത്രം

Breaking News Editorials

നന്ദി അര്‍പ്പിക്കുവാന്‍ ഒരാള്‍ മാത്രം
ദൈവത്തില്‍നിന്നും എന്തെങ്കിലും നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കാത്ത ദൈവമക്കളില്ല. നമ്മെ നടത്തുന്നത് കര്‍ത്താവാണെന്ന് നമുക്കേവര്‍ക്കും അറിയാം. ചെറുതും വലുതുമായ എന്തെല്ലാം നന്മകളാണ് ദിനംതോറും നമുക്കു ദൈവം ദാനമായി നല്‍കുന്നത്.

 

അവ ഓരോന്നും എന്തൊക്കെയാണെന്ന് നാം ഓര്‍ക്കാറുണ്ടോ? ഓര്‍ത്താല്‍ ത്തന്നെ അവ ലഭിച്ചതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കാറുണ്ടോ? ഈ കാര്യങ്ങളൊക്കെ നാം പലപ്പോഴും മറന്നു പോകുന്നു. എന്നാല്‍ മറക്കാതിരിക്കുവാന്‍ നാം ചെയ്യേണ്ട കാര്യം ദൈവത്തില്‍നിന്നും ലഭിക്കുന്ന നന്മകള്‍ ‍, അനുഗ്രഹങ്ങള്‍ ലഭിച്ചു കഴിയുമ്പോള്‍ത്തന്നെ അതിന് നന്ദി അര്‍പ്പിക്കണം.

 

നമ്മുടെ നന്ദി വാക്കുകള്‍ ഓരോന്നും കേള്‍ക്കുമ്പോള്‍ ദൈവത്തിനു നമ്മില്‍ കൂടുതല്‍ പ്രസാദം തോന്നും. നന്ദി അര്‍പ്പിക്കുവാന്‍ പിന്നത്തേക്കോ നാളത്തേക്കോ മാറ്റി വെയ്ക്കുമ്പോഴാണ് നാം അതെക്കുറിച്ച് മറന്നുപോകുന്നത്. ഇന്നുമുതല്‍ നമുക്ക് ശ്രദ്ധിച്ചു തുടങ്ങാം. നാം പ്രാര്‍ത്ഥിച്ച വിഷയത്തിനു ദൈവം മറുപടി നല്‍കി. രോഗത്തിനു സൌഖ്യം ലഭിച്ചു.

 

കഷ്ടതയില്‍നിന്നു വിടുവിച്ചു. പുതുവഴികള്‍ തുറന്നു, പുതിയ കൃപാവരങ്ങള്‍ നല്‍കി, തന്റെ ഭവനത്തെയും സഭയെയും അനുഗ്രഹിച്ചു. ഇവയൊക്കെയും ഓരോ ദിവസവും ദൈവം നമ്മുടെ ആവശ്യങ്ങള്‍ അറിഞ്ഞു സഹായിച്ച കാര്യങ്ങളാണ്. അതുകൊണ്ട് അപ്പോഴപ്പോള്‍ നന്ദി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ രാത്രി ഉറങ്ങുന്നതിനു മുമ്പായി എല്ലാറ്റിനും എണ്ണി എണ്ണി നന്ദി അര്‍പ്പിച്ചതിനുശേഷം മാത്രമേ നിദ്രയിലാകാവൂ. ഇതൊരു ശീലമാക്കണം.

 

യേശു ഒരിക്കല്‍ യെരുശലേമിലേക്കു യാത്രയാവുകയാണ്. യേശുവും തന്റെ ശിഷ്യന്മാരും ശമര്യയ്ക്കും, ഗലീലെക്കും നടുവില്‍ക്കൂടി ഒരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ കുഷ്ഠരോഗികളായ 10 പുരുഷന്മാരെ കാണുവാനിടയായി. അവര്‍ അകലെ നിന്നുകൊണ്ടു യേശുവിനോടു കരുണയ്ക്കായി യാചിച്ചു. അപ്പോള്‍ യേശു പറഞ്ഞ മറുപടി നിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കു നിങ്ങളെത്തന്നെ കാണിപ്പിന്‍ എന്നായിരുന്നു. അവര്‍ പോകയില്‍ത്തന്നെ എല്ലാവരും തങ്ങളുടെ രോഗം മാറി ശുദ്ധിയുള്ളവരായിത്തീര്‍ന്നു.

 

എന്നാല്‍ അവരില്‍ ഒരുവന്‍ മാത്രം തനിക്കു സൌഖ്യം തന്ന യേശുവിനെ മഹത്വപ്പെടുത്തി തിരികെ വന്നു അവന്റെ കാല്‍ക്കല്‍ വീണു നന്ദി പറഞ്ഞു. ഇവന്‍ ശമര്യക്കാരനായിരുന്നു. ഒരു ജാതീയനായ ഈ വ്യക്തിക്കു മാത്രമേ അപ്രകാരം ദൈവത്തിനു നന്ദി അര്‍പ്പിക്കുവാന്‍ തോന്നിയുള്ളു. ബാക്കി യെഹൂദന്മാരായ 9 പേര്‍ക്കും അങ്ങനെ തോന്നിയില്ല. യേശു തനിക്കു നന്ദി അര്‍പ്പിച്ച പുരുഷനെ മാത്രം അനുഗ്രഹിച്ചു വിടുകയുണ്ടായി. (ലൂക്കോ. 17:11-19). ദൈവത്തിന്റെ സ്വന്തം ജനം എന്നവകാശപ്പെടുന്ന യഹൂദന്മാര്‍തന്നെ യേശുവിനെ കൈക്കൊള്ളുവാന്‍ തയ്യാറാകാത്ത സ്ഥാനത്ത് ഒരു ജാതീയനായ വ്യക്തി പരസ്യമായി യേശുവിനെ സ്വീകരിക്കുകയുണ്ടായി.

 

ഇന്നും ഈ അവസ്ഥ തന്നെയാണ് സമൂഹത്തില്‍ ഭൂരിഭാഗവും നടക്കുന്നത്. ദൈവത്തിന്റെ സ്വന്ത ജനമായ യഹൂദന്മാര്‍ ബഹുഭൂരിപക്ഷവും യേശുവിനെ സ്വീകരിക്കുവാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. മറുവശത്ത് ഓരോ ദിവസവും ജാതീയരായ ആയിരക്കണക്കിനു വ്യക്തി ജീവിതങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യേശുവിനെ സ്വന്തം ദൈവവും രക്ഷിതാവുമായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

 

ക്രൈസ്തവരെന്നു അവകാശപ്പെടുന്ന നാമധേയ ക്രൈസ്തവര്‍ പോലും കര്‍ത്താവിനെ അര്‍ഹിക്കുന്ന വിധത്തില്‍ ആരാധിക്കുന്നില്ല. കര്‍ത്താവു ചെയ്യുന്ന നന്മകള്‍ക്കു തക്കതായി നന്ദി അര്‍പ്പിക്കാത്തവരായി ആരുംതന്നെ ഉണ്ടാകരുതെന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു.
ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.