മൂന്നാം നൂറ്റാണ്ടില്‍ പാപ്പിറാസില്‍ എഴുതിയ ത്രിത്വത്തെ അവതരിപ്പിച്ച ഗാനം പുനരുജ്ജീവിപ്പിച്ചു
കാലിഫോര്‍ണിയ: എഡി മൂന്നാം നൂറ്റാണ്ടില്‍ പാപ്പിറാസില്‍ എഴുതിയ പുരാതന ക്രിസ്ത്യന്‍ ഗാനം പുനരുജ്ജീവിപ്പിച്ചു. പുരാതന ഈജിപ്ഷ്യന്‍ അവശിഷ്ടങ്ങളില്‍ നിന്നു കീറിപ്പറിഞ്ഞ അവസ്ഥയില്‍ കണ്ടെത്തിയ പാപ്പിറാസിന്റെ ഒരു കഷണത്തിലാണ് നൂറ്റാണ്ടുകളോളം മണ്‍മറഞ്ഞ നിലയിലായിരുന്ന ക്രിസ്തീയ ഗാനത്തിന്റെ വരികള്‍ വെളിച്ചം കണ്ടെത്തിയത്.
ദി ഫസ്റ്റ് ഹിം പ്രോജക്ട് എന്നു പേരിട്ടിരിക്കുന്ന ഈ ഗാനം കഴിഞ്ഞ വെള്ളിയാഴ്ച ആഗോള തലത്തില്‍ തുടക്കം കുറിച്ചു. ഏകദേശം എഡി 250 കാലഘട്ടത്തില്‍ എഴുതപ്പെട്ട ഈ ഗാനം ഒരു നൂറ്റാണ്ടു മുമ്പ് ഈജിപ്റ്റിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വീറ്റണ്‍ കോളേജിലെ ബൈബിള്‍ പഠനങ്ങളുടെയും പൊതു ക്രിസ്റ്റ്യാനിറ്റിയുടെയും വിശിഷ്ട പ്രോഫസറായ ജീന്‍പ്പാമെ ജോണ്‍ ഡിക്സണ്‍ സമകാലിക ക്രിസ്ത്യാനികള്‍ക്ക് അതിന്റെ ചരിത്രപരവും ദൈവശാസ്ത്രപരവുമായ പ്രാധാന്യം തിരിച്ചറിഞ്ഞതോടെയാണ് അതിന്റെ പുനരുത്ഥാനം ആരംഭിച്ചത്.
ഈ ഗാനം പ്രശസ്ത ക്രിസ്ത്യന്‍ കലാകാരന്മാരായ ക്രിസ് ടോംലിനും ബെന്‍ ഫീല്‍ഡിംഗുമാണ് പുനരുജ്ജീവിപ്പിച്ചത്. ഡിക്സണ്‍ വിവര്‍ത്തനം ചെയ്ത 35 വാക്കുകളുള്ള യഥ്രാര്‍ത്ഥ ഗ്രീക്ക് ഗീതം ഇങ്ങനെയാണ്:
എല്ലാവരും നിശബ്ദരാകട്ടെ, തിളങ്ങുന്ന നക്ഷത്രങ്ങള്‍ മുഴങ്ങരുത്, ഒഴുകുന്ന എല്ലാ നദികളും നിശ്ചലമാകട്ടെ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നമ്മുടെ സ്തുതിഗീതം മുഴക്കുമ്പോള്‍ എല്ലാ ശക്തികളും മറുപടിയായി വിളിച്ചു പറയുമ്പോള്‍ ആമേന്‍ ആമേന്‍. എല്ലാ നല്ല ആളുകളുടെയും ഏക പിതാവായ നമ്മുടെ ദൈവത്തിന് എന്നേക്കും സ്തുതിയും മഹത്വവും ഉണ്ടാകട്ടെ. ആമേന്‍ ആമേന്‍ എന്നാണ്.
മൂന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ അചഞ്ചലമായ വിശ്വാസം ഈ ഗിതത്തില്‍ പ്രതിഫലിക്കുന്നത് തനിക്ക് പ്രത്യേകിച്ച് പ്രചോദനം നല്‍കിയതായി ഫീല്‍ഡിംഗ് പറഞ്ഞു.
അന്നത്തെ കാലത്ത് കഠിനമായ പീഢനങ്ങളും അവരുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് നിലനിന്നിരുന്നത് എങ്ങനെയെന്ന് ഈ ഗാനങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. അദ്ദേഹം പറഞ്ഞു.
ആധുനിക ആരാധനയ്ക്കായി ഈ ഗാനം ഉപയോഗിക്കാനാണ് ചിട്ടപ്പെടുത്തിയത്. എഡി 325-ലെ നിഖ്യാ കൌണ്‍സിലിന് വളരെ മുമ്പുതന്നെ ത്രിത്വ ആശയം വ്യക്തമായി ആവിഷ്ക്കരിച്ചതിലൂടെ ഈ ഗാനം ശ്രദ്ധേയമാണെന്ന് ഡിക്സണ്‍ പറഞ്ഞു.
എഴുതിയ ഗാനത്തിന്റെ അഞ്ചിലൊന്നു ഭാഗവും പാപ്പിറസില്‍നിന്നും കാണുന്നില്ല. എങ്കിലും അവശേഷിച്ച ശകലങ്ങള്‍ ആഴത്തിലുള്ള വരികള്‍ ദൈവത്തെ വെളിപ്പെടുത്തി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

