മക്കള്‍ സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ സ്വത്തവകാശം റദ്ദാക്കാം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: വാര്‍ദ്ധക്യത്തില്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ മക്കള്‍ക്കോ അനന്തരാവകാശികള്‍ക്കോ കൈമാറ്റം ചെയ്യപ്പെട്ട സ്വത്തവകാശങ്ങള്‍ റദ്ദാക്കാന്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
കൈവശാവകാശ രേഖയില്‍ ഇതു സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ലെങ്കിലും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും എസ്. എം. സുബ്രഹ്മണ്യം, കെ. രാജശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
വിവാഹിതനായ മകന്റെ പേരില്‍ സ്വത്ത് എഴുതി നല്‍കിയെങ്കിലും മകന്റെ മരണശേഷം മരുമകള്‍ തന്നെ തഴഞ്ഞെന്ന 87 വയസുള്ള നാഗലക്ഷ്മിയുടെ പരാതി പരിഗണിച്ച ആര്‍ഡിഒ കൈവശാവകാശം റദ്ദാക്കിയിരുന്നു.
ഇതിനെതിരെയാണ് മരുമകള്‍ എസ്. മാല ഹൈക്കോടതിയെ സമീപിച്ത്. മക്കളോടുള്ള സ്നേഹമോ വാല്‍സല്യമോ ആണ് ഇത്തരം സ്വത്തവകാശ കൈമാറ്റത്തിനു പിന്നില്‍.
അതിനാല്‍ 2007-ലെ മെയ്ന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം സ്വത്തവകാശം എഴുതി നല്‍കുന്നയാള്‍ തനിക്ക് അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടുന്നില്ലെന്നു പരാതി നല്‍കിയാല്‍ സെറ്റില്‍മെന്റ്, ഗിഫ്റ്റ് വസ്തു കൈമാറ്റ ഉടമ്പടികള്‍ റദ്ദാക്കാനുള്ള അവകാശം സീനിയര്‍ സിറ്റിസണ്‍ ആക്ട് 21 (1)-ല്‍ ആ വ്യക്തി അനുവദിച്ചു നല്‍കുന്നുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

