അമേരിക്കയില്‍ 7 ലക്ഷം അനധികൃത ഇന്ത്യാക്കാര്‍
ന്യൂഡെല്‍ഹി: ഏകദേശം 7,25000ത്തോളം ഇന്ത്യാക്കാര്‍ അമേരിക്കയില്‍ അനധികൃതരായി കഴിയുന്നതായി റിപ്പോര്‍ട്ട്. പേവ് റിസര്‍ച്ച് സെന്ററിന്റെ കണക്കുകള്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥനത്താണ് ഇന്ത്യ.
മെക്സിക്കോവും, എല്‍ സാല്‍വഡോറും ആണ് ഒന്നും രണ്ടും സ്ഥാനത്ത്. അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യാക്കാരുമായി അമേരിക്കന്‍ സൈനിക വിമാനം അമൃത്സറിലേക്കു പുറപ്പെട്ടു.
തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൌരന്മാരെ ഇന്ത്യയ്ക്ക് കൈമാറാനാണ് യു.എസ്. തീരുമാനം. ട്രംപിന്റെ പുതിയ നാടുകടത്തില്‍ നടപടിയെത്തുടര്‍ന്ന് നാടു കടത്താനായി കണ്ടെത്തിയ പതിനഞ്ചു ലക്ഷം അനധികൃത കുടിയേറ്റക്കാരില്‍ 18,000 പേര് മതിയായ രേഖകള്‍ ഇല്ലാത്ത ഇന്ത്യന്‍ പൌരന്മാരാണെന്നാണ് യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐസിഇ) പ്രാഥമിക കണ്ടെത്തല്‍.
ഇന്ത്യയില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കുറിച്ചുള്ള ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് എന്നിവരോട് ട്രംപും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചൂണ്ടിക്കാണിച്ചിരുന്നു.
രേഖകളില്ലാതെ ഇന്ത്യന്‍ പൌരന്മാരുടെ നിയമാനുസൃത തിരിച്ചുവരവിന് രാജ്യം എപ്പോഴും വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
നാടുകടത്തലിന് അര്‍ഹതയുള്ളവരുടെ രേഖകള്‍ പരിശോധിക്കുന്നുണ്ടെന്നും അത്തരം വ്യക്തികളുടെ കൃത്യമായ എണ്ണം നിര്‍ണ്ണയിക്കണമെന്നും എസ് ജയ്ശങ്കര് വ്യക്തമാക്കിയിട്ടുണ്ട്.

