കടലിലും മണ്ണിലും അലിയുന്ന പ്ളാസ്റ്റിക് വികസിപ്പിച്ച് ഗവേഷകര്‍
പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഏറ്റവും ദോഷകരമായ പ്ളാസ്റ്റിക് മാലിന്യ പ്രശ്നത്തിനു പരിഹാരമുണ്ടാക്കി ജപ്പാനിലെ ഗവേഷകര്‍. കടല്‍ വെള്ളത്തില്‍ മണിക്കൂറുകള്‍കൊണ്ട് അലിഞ്ഞില്ലാതെയാകുന്ന പ്ളാസ്റ്റിക് കണ്ടെത്തിയെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
മണ്ണിലാണെങ്കില്‍ 10 ദിവസത്തിനുള്ളില്‍ നശിക്കും. ഈ പ്ളാസ്റ്റിക് അലിഞ്ഞു ചേര്‍ന്നാല്‍ മണ്ണിന്റെ ഫലഭൂയിഷ്ടത മെച്ചപ്പെടുമെന്നും ഗവേഷകര്‍ പറഞ്ഞു.
ജപ്പാനിലെ റൈക്കന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെ ഗവേഷകരാണ് സമുദ്ര ജലത്തില്‍ ലയിക്കുന്ന വിപ്ളവകരമായ ബയോഡിഗ്രേഡബിള്‍ പ്ളാസ്റ്റിക് രൂപകല്പന ചെയ്തത്.
ഭക്ഷ്യവസ്തുക്കള്‍ മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വരെ പായ്ക്ക് ചെയ്യാന്‍ പുതിയ പ്ളാസ്റ്റിക് അനുയോജ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. വിഷരഹിത ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം.
ഇത് മണ്ണില്‍ കിടന്ന് വിഘടിച്ച് ജൈവവസ്തുക്കളായി മാറും. ദ്രവിക്കുന്നതിനിടെ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തു വിടുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.
നിലവിലുള്ള പ്ളാസ്റ്റ്ക് എത്ര കാലം കഴിഞ്ഞാലും പൂര്‍ണമായി നശിക്കാതെ ഭൂമിയിലോ വെള്ളത്തിലോ കിടക്കും.

