അസൂയ നിറഞ്ഞ മനസ്സ് (എഡിറ്റോറിയൽ)
അസൂയ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. നമുക്കെതിരായി ശത്രു എപ്പോഴും പ്രവര്‍ത്തിക്കുന്നു.അസൂയ നിറഞ്ഞ ശത്രുവിന്റെ തിന്മയുടെ ഫലമായി ദാനിയേല്‍ സിംഹക്കുഴിയില്‍ വീഴുവാന്‍ ഇടയായി.
എന്നാല്‍ ദാനിയേല്‍ ആ കഷ്ടതയില്‍കൂടി കടന്നുപോയതുമൂലം ദാനിയേല്‍ സേവിക്കുന്ന ജീവനുള്ള ദൈവത്തെ, സകല വംശക്കാരും സകല ഭാഷക്കാരും അറിയുവാന്‍ ഇടയായി.
സര്‍വ്വശക്തനായ ദൈവം, ആരാധനയ്ക്കു യോഗ്യനായവന്റെ നാമം അവിടെ ഉയര്‍ത്തപ്പെട്ടു. ദാനിയേല്‍ സര്‍വ്വരാലും ഇരട്ടി ബഹുമാനത്തിനു യോഗ്യനായും തീര്‍ന്നു. ദാനിയേല്‍ സേവിക്കുന്ന ദൈവം ‘ജീവനുള്ള ദൈവം’ എന്നറിയപ്പെടുവാന്‍ ഇടയായി.
നമുക്ക് നമ്മുടെ ദൈവം തരുന്ന അനുഗ്രഹങ്ങള്‍, അസൂയ എന്ന ശത്രു, അതു തല്‍ക്കാലത്തേക്കു തട്ടിമാറ്റിയാലും ദൈവം നിശ്ചയിച്ചുറപ്പിച്ചതു നടക്കുകതന്നെ ചെയ്യും.
കുറച്ചു സമയംകൂടി എടുത്താലും അതു നടക്കും. ദുഷ്ടനായവന്‍ നമ്മുടെ അനുഗ്രഹങ്ങളെ, നന്മകളെ തടസ്സപ്പെടുത്തുവാന്‍ കൊണ്ടുവരുന്ന സകല കഷ്ടതകളെയും, അത് തീച്ചൂള ആയാലും സിംഹക്കുഴി ആയാലും, ആ സാഹചര്യങ്ങളില്‍ നാം വിശ്വസ്തതയോടെ ആയിരുന്നാല്‍ നാം സേവിക്കുന്ന ജീവനുള്ള ദൈവത്തിന്റെ നാമം മഹത്വപ്പെടും.
നമ്മില്‍കൂടി, നമ്മുടെ അനുഭവത്തില്‍കൂടി അനേകര്‍ യേശുക്രിസ്തുവിനെ അറിയുവാന്‍ ഇടയാകും. നമ്മുടെ ജീവിതത്തില്‍ ദൈവം ചെയ്ത വലിയ കാര്യം, അത്ഭുത പ്രവര്‍ത്തി യേശുക്രിസ്തു ജീവനുള്ള ദൈവമെന്നറിയുവാനും വിശ്വസിക്കാത്തവര്‍ അവനെ വിശ്വസിക്കുവാനും ഇടയാകും.
ദാനിയേലിന്റെ ശത്രുക്കള്‍ അവനു വിരോധമായി കാരണം കണ്ടെത്തുവാന്‍ അന്വേഷിച്ചു. എന്നാല്‍ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അവന്‍ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനില്‍ കണ്ടെത്തിയില്ല. ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട് മനുഷ്യനല്ലേ ചില തെറ്റുകള്‍ വന്നുപോകും. അത് അവര്‍ കള്ളം പറയുന്നതാണ്. ദാനിയേല്‍ വളരെ ഉത്തരവാദിത്വമുള്ള ഭാരിച്ച ജോലി തന്നെയാണ് ചെയ്തിരുന്നത്.
കള്ളം പറഞ്ഞാല്‍ മാത്രമേ ജോലി ചെയ്യാല്‍ സാധിക്കു എന്നില്ല. ബിസിനസ്സല്ലേ ഇടയ്ക്കു കള്ളം പറയേണ്ടിവരും എന്നു പറഞ്ഞ് തെറ്റിനെ ശരിയാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകരിക്കുവാന്‍ ഒരു മാതൃകയാണ് ദാനിയേല്‍.
എതിരാളികള്‍ക്കുപോലും ഒരു കുറ്റവും തെറ്റും കണ്ടുപിടിക്കുവാന്‍ കഴിയാത്തവിധം ദാനിയേലിന്റെ ജീവിതം വിശുദ്ധിയുള്ളതായിരുന്നു.
നമ്മെ ദൈവം ഈ ലോകത്തില്‍ പലയിടത്തായി പല സ്ഥാനങ്ങളില്‍ അവന്റെ ജീവനുള്ള സാക്ഷികളാകുവാന്‍ നിര്‍ത്തിയിരിക്കുന്നു. അവിടെ നാം അവന്റെ നാമം ഉയര്‍ത്തികാട്ടുന്നതില്‍ വിശ്വസ്തതയോടെ നില്‍ക്കുക. ദൈവം നിങ്ങളെ ഏവരേയും അനുഗ്രഹിക്കട്ടെ.
പാസ്റ്റര്‍ ഷാജി എസ്.