യഹൂദ റബ്ബി അബുദാബിയില്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ അറസ്റ്റില്‍
അബുദാബി: അബുദാബിയില്‍ യഹൂദ റബ്ബി കൊല്ലപ്പെട്ടു. വര്‍ഷങ്ങളായി യു.എ.ഇയില്‍ താമസിച്ചുവന്ന മോഗ്ഡോവന്‍ പൌരത്വമുള്ള റബ്ബി സാവി കോഗന്‍ (28) ആണ് വ്യാഴാഴ്ച കാണാതായത്.
അന്വേഷണത്തില്‍ ഞായറാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അബുദാബി പോലീസും യിസ്രായേലി ചാരസംഘടനയായ മൊസാദും ഊര്‍ജ്ജിത അന്വേഷണത്തിലായിരുന്നു.
ഇദ്ദേഹത്തിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പിന്നാലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോഗന്‍ കൊല്ലപ്പെട്ടതാണെന്ന് യിസ്രായേലി സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ഉസ്ബെക്കിസ്ഥാന്‍ പൌരന്മാരായ 3 പേരെ അറസ്റ്റു ചെയ്തു.
കോഗന്റെ മരണത്തിനു ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് യിസ്രായേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതികളുടെ വിലങ്ങണിയിച്ച ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന്റെ പ്രേരണ തിട്ടപ്പെടുത്താനായിട്ടില്ല.
അന്വേഷണം പുരോഗമിക്കുകയാണെന്ന് യിസ്രായേലി അധികൃതരും പറയുന്നു. അവര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.
യഹൂദര്‍ക്കെതിരായ ഭീകരാക്രമണമാണ് നടന്നതെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും യിസ്രായേല്‍ പ്രധാനമന്ത്രി ബെനമ്യാമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
കോഗന്‍ പല രാജ്യങ്ങളിലെയും കമ്മ്യൂണിറ്റികള്‍, സിന്നഗോഗുകള്‍ മറ്റു സ്ഥാപനങ്ങളുമുള്ള ഹസിഡിക് ജൂതരുടെ ഒരു മതപ്രസ്ഥാനമായ ചബാദിന്റെ പ്രതിനിധിയായിരുന്നു. കൂടാതെ കോഷര്‍ നഗരത്തില്‍ പലചരക്കുകട നടത്തിവരികയായിരുന്നു.