ഇന്ത്യയിലെ ആദ്യത്തെ റൈസ് എടിഎം ഒഡീഷയില്‍ ആരംഭിച്ചു
രാജ്യത്തെ ആദ്യത്തെ റൈസ് എടിഎം ഒഡീഷയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തലസ്ഥാന നഗരിയായ ഭുവനേശ്വറിലെ മഞ്ചേശ്വര്‍ അരി ഗോഡൌണിലാണ് റൈസ് എടിഎം സ്ഥാപിച്ചത്.
ഒഡീഷ ഭക്ഷ്യ മന്ത്രി കൃഷ്ണ ചന്ദ്രയാണ് രാജ്യത്തെ പുതിയ തുടക്കത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
സംസ്ഥാനത്തെ പൊതുവിതരണ സബ്രദായം കാര്യക്ഷമമാക്കുന്നതിനാണ് റൈസ് എടിഎം പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് തങ്ങളുടെ കാര്‍ഡ് നമ്പര്‍ നല്‍കി 25 കിലോഗ്രാം അരി വരെ എടിഎംല്‍നിന്നു ശേഖരിക്കാനാകുമെന്നാണ് പറയുന്നത്.
പരമ്പരാഗത വിതരണ കേന്ദ്രങ്ങളില്‍ ഗുണഭോക്താക്കള്‍ നീണ്ട ക്യൂവില്‍ കാത്തു നില്‍ക്കുന്നത് ഒഴിവാക്കുകയാണ് പുതിയ അരി വിതരണ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ സബ്സീഡി അരിയുടെ മോഷണവും കരിഞ്ചന്തയും സംബന്ധിച്ച പ്രശ്നങ്ങള്‍ ഗണ്യമായി കുറയ്ക്കുവാനും കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ പങ്കുവെയ്ക്കുന്നത്.
റൈസ് എടിഎം ഒഡീഷയിലെ 30 ജില്ലകളിലും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.