ഇന്ത്യയിലെ എല്ലാ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളിലും മൈക്രോപ്ളാസ്റ്റിക് പഠനം
ന്യൂഡെല്‍ഹി: ഇന്ത്യയിലെ എല്ലാ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളിലും മൈക്രോപ്ളാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പഠന റിപ്പോര്‍ട്ട്. വലുതും ചെറുതും പായ്ക്ക് ചെയ്തതും അല്ലാത്തതുമായ ബ്രാന്‍ഡുകളിലെല്ലാം മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യമുള്ളതായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ടോക്സിക്സ് ലിങ്ക് എന്ന പരിസ്ഥിതി ഗവേഷണ സ്ഥാപനമാണ് പഠനം നടത്തിയത്. കല്ലുപ്പ്, കടല്‍ ഉപ്പ്, ടേബിള്‍ സാള്‍ട്ട് പ്രാദേശിക അസംസ്കൃത ഉപ്പ് എന്നിവയുള്‍പ്പെടെ പലതരും ഉപ്പുകളും ഓണ്‍ലൈന്‍ വഴി വാങ്ങുന്ന അഞ്ചുതരം പഞ്ചസാരയും പഠനത്തിനായി തിരഞ്ഞെടുത്തു.
ഉപ്പിന്റെയും പഞ്ചസാരയുടെയും എല്ലാ തരം സാമ്പിളുകളിലും മൈക്രോപ്ളാസ്റ്റിക്കിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
നാരുകള്‍, ഉരുളകള്‍, പാടകള്‍ തുടങ്ങി വിവിധ രൂപങ്ങളിലാണ് ഉല്‍പ്പന്നങ്ങളില്‍ മൈക്രോ പ്ളാസ്റ്റിക് അടങ്ങിയിരിക്കുന്നത്. 0.1 മുതല്‍ 5 വരെ മില്ലീ മീറ്റര്‍ വലിപ്പത്തില്‍ ഇവ കാണപ്പെടുന്നു.
നേര്‍ത്ത നാരുകളുടെയും പാടകശുടെയും രൂപത്തില്‍ അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവും ഉയര്‍ന്ന അളവില്‍ മൈക്രോപ്ളാസ്റ്റിക് കണ്ടെത്തിയത്. അയോഡൈസ്ഡ് ഉപ്പില്‍ ഒരു കിലേഗ്രാമിന് 89.15 കഷണങ്ങള്‍ എന്ന തോതിലാണ് മൈക്രോപ്ളാസ്റ്റിക് അടങ്ങിയിട്ടുള്ളത്.
കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ ഇതാണ്. മൈക്രോപ്ളാസ്റ്റിക് ഏറ്റവും കുറവുള്ള ഓര്‍ഗാനിക് റോക്ക് ഉപ്പില്‍ കിലോഗ്രാമിന് 6.70 കഷണങ്ങള്‍ എന്നതാണ് നിരക്ക്.
പഞ്ചസാര സാമ്പിളുകളില്‍ കിലോഗ്രാമിന് 16.85 മുതല്‍ 68.25 കഷണങ്ങളില്‍ വരെയാണ്. ഏറ്റവും ഉയര്‍ന്ന സാന്ദ്രതയുള്ളത് നോണ്‍ ഓര്‍ഗാനിക് പഞ്ചസാരയിലാണ്.