അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വര്‍ദ്ധിക്കുന്നു (എഡിറ്റോറിയൽ)

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വര്‍ദ്ധിക്കുന്നു (എഡിറ്റോറിയൽ)

Articles Breaking News Editorials

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വര്‍ദ്ധിക്കുന്നു

അന്ധവിശ്വാസത്തിന്റെ പേരില്‍ എന്തെല്ലാം ഈ നാട്ടില്‍ സംഭവിക്കുന്നു. അങ്ങനെയുള്ള സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വരുന്നത് മലയാളികളെ ശരിക്കും ഞെട്ടിക്കുന്നു. നിരവധി മഹാന്മാരും, ക്രൈസ്തവ മിഷണറിമാരും പോരാടി കേരളത്തിന്റെ അന്ധകാരം മാറ്റി വെളിച്ചം പകര്‍ന്ന ഈ മണ്ണില്‍ മനുഷ്യ മനസ്സുകളെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള സംഭവം ഉണ്ടാകുന്നത് ഏറെ അപമാനകരമായ കാര്യമാണ്്.

നാട്ടില്‍ വിദ്യാസമ്പന്നര്‍ കൂടുമ്പോഴും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തില്‍ ഇപ്പോഴും നടക്കുന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഒരു വ്യക്തിയുടെ ഭാവി സുനിശ്ചിതമാകുവാനും രക്ഷപെടുവാനുംവേണ്ടി മറ്റൊരു ജീവനെ കൊല്ലുന്നത് ദൈവം ഏറ്റവും വെറുക്കുന്ന കാര്യമാണ്.

പണത്തിനുവേണ്ടി മാത്രം എന്തും ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതും ചെയ്യുന്നതും സാത്താന്റെ പ്രക്രിയയാണ്. സാത്താന്‍ മനുഷ്യനെ തകര്‍ക്കുവാന്‍ ഏദന്‍തോട്ടത്തില്‍ നിന്നും തുടങ്ങിയ പോരാട്ടം സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ വീര്യം കുറഞ്ഞുപോകാതെ കൂടുകയാണ് ചെയ്യുന്നത്.

ആദാമിനെയും ഹവ്വായെയും തെറ്റിച്ച സാത്താന്‍ ഇന്നും ബഹുഭൂരിപക്ഷം പേരെയും കയ്യിലെടുത്തു മനുഷ്യവര്‍ഗ്ഗത്തെ തെറ്റിച്ച് കെടാത്ത തീ പൊയ്കയായ നരകത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു (മത്തായി.5:22, 18-8). ഇതിനൊരു പരിഹാരം യേശുക്രിസ്തു മാത്രമാണ്.

യേശു സകല നാശത്തില്‍ നിന്നും പാപങ്ങളില്‍ നിന്നും ജനത്തെ സ്വതന്ത്രരാക്കുന്നു. യേശുവിനും ദൈവവചനമായ വിശുദ്ധവേദപുസ്തകത്തിനും മാത്രമേ ഇത്തരം കൊടുംപാപങ്ങളില്‍ നിന്നും ജനത്തെ മോചിപ്പിക്കുവാന്‍ കഴിയുകയുള്ളൂ.

മനുഷ്യന്റെ ആത്മാവിന്റെ വില ലോകവും അതിലുള്ള എല്ലാവിധ വസ്തുക്കളെക്കാളും വിലയേറിയതാണ് (മാര്‍ക്കോസ്.8:36,37). ആ വില ദൈവം മനസ്സിലാക്കുന്നു. മനുഷ്യരായ നാമും ഈ വില മനസ്സിലാക്കണം.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുര്‍മന്ത്രവാദങ്ങളും കേരളത്തില്‍ ഇപ്പോഴും സജീവമായി നടക്കുന്നതില്‍ ക്രൈസ്തവരായ നാം ലജ്ജിക്കണം. ലജ്ജിക്കുക മാത്രമല്ല, അതിനെതിരെ പോരാടുവാനും സന്നദ്ധരാകണം. അത് പ്രസംഗങ്ങളിലൂടെ മാത്രമല്ല, ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെയും സാധ്യമാക്കണം.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ക്രൈസ്തവ മിഷണറിമാര്‍ക്ക് ആ ധൈര്യം ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന ഇത്തരം നീചത്വങ്ങള്‍ക്കെതിരായി ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.

പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. മഹാരാഷ്ട്രയിലും, കര്‍ണാടകത്തിലും അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും എതിരായ നിയമങ്ങള്‍ വന്നു എന്നത് വളരെ പ്രത്യാശ നല്‍കുന്ന ഒരു കാര്യമാണ്.

അത്തരം നിയമങ്ങള്‍ ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുക തന്നെ വേണം പ്രത്യേകിച്ചു കേരളത്തില്‍. അങ്ങനെ നമ്മുടെ ദേശം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത ഒരു നാടായിത്തീരട്ടെ എന്നാഗ്രഹിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.