ഭരണമാറ്റത്തില്‍ ന്യൂനപക്ഷങ്ങള്‍ കടുത്ത ആശങ്കയില്‍
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മറവില്‍ കലാപകാരികള്‍ അഴിഞ്ഞാടുന്ന ബംഗ്ളാദേശില്‍ ന്യൂനപക്ഷങ്ങള്‍ കടുത്ത ഭീതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ 64 ജില്ലകളില്‍ 45 ജില്ലകളിലും ന്യൂനപക്ഷങ്ങള്‍ക്കു നേരെ പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്കെതിരെ സംഘടിത ആക്രമണങ്ങള്‍ തുടരുകയാണ്.
നിരവധി വീടുകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. കൊല്ലപ്പെട്ട ഹൈന്ദവ വിഭാഗക്കാരില്‍ അവാമി ലീഗിന്റെ രണ്ട് മുനിസിപ്പല്‍ കൌണ്‍സിലര്‍മാരും ഉള്‍പ്പെടുന്നു.
ന്യൂനപക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സ്കൂളിനു നേരെ കലാപകാരികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു അദ്ധ്യാപിക കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബംഗ്ളേദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂണിറ്റി കൌണ്‍സില്‍ അറിയിച്ചു.
പ്രാണരക്ഷാര്‍ത്ഥം നൂറുകണക്കിനു ഹൈന്ദവരാണ് ഇന്ത്യയിലേക്കു രക്ഷപെടാനായി കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തിയിലെത്തിയത്.
എന്നാല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതിനാല്‍ ഇവര്‍ക്കെല്ലാം തിരികെ മടങ്ങേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും ജനാധിപത്യം ഉറപ്പാക്കുമെന്നുമൊക്കെ ഇടക്കാല സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് തീവ്ര സംഘടനകളായതിനാല്‍ തങ്ങളുടെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടെന്നാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പറയുന്നത്.

