ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയായി അജ്ഞാത വൈറസ്; എത്തുന്നത് ശബ്ദ തരംഗങ്ങളിലൂടെ
ടൊറന്റോ: 2016-2017-ല്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ യു.എസ്. എംബസി ഉദ്യോഗസ്ഥരില്‍ കണ്ടെത്തിയ അജ്ഞാത വൈറസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട അന്വേഷണ സംഘം യു.എസ്, സൈനിക, നയതന്ത്ര, ഇന്റലിജന്റ്സ് ഉദ്യോഗസ്ഥരെ പിടികൂടുന്ന ഹവാന സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെട്ട അജ്ഞാത രോഗത്തിനു പിന്നില്‍ റഷ്യയുടെ വിദേശ സൈനിക ഇന്റലിജന്‍സ് ഏജന്‍സിയായ ജി. ആര്‍. യുവിന്റെ രഹസ്യ വിഭാഗമായ യൂണിറ്റ് 29155 ആണെന്ന് ആരോപണം.
എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നാണ് റഷ്യയുടെ മറുപടി. വിദേശ മാധ്യമങ്ങളുമായി സഹകരിച്ച് ഒരു കനേഡിയന്‍ മാധ്യമത്തിന്റെ ഡോക്യുമെന്ററി ടീം അഞ്ച് വര്‍ഷം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സോണിക് ആയുധങ്ങളിലൂടെ ഇരകളുടെ മസ്തിഷ്ക്കത്തെയാണ് ലക്ഷ്യമിടുന്നത്. അസാധാരണമായ ശബ്ദ തരംഗങ്ങളിലൂടെ എതിരാളികളെ മുറിവേല്‍പ്പിക്കാനോ ശാരീരിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാനോ ശേഷിയുള്ളവയാണ് സോണിക് ആയുധങ്ങള്‍.
ഹവാന സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് വിശദീകരണങ്ങണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അടുത്തയിടെ യു.എസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറഞ്ഞത്. ക്യൂബ, കൊളംബിയ, ജര്‍മ്മിനി, നിയറ്റ്നാം തുടങ്ങിയ വിവിധ രാജ്യങ്ങളിലെ യു.എസ്. എംബസി ഉദ്യോഗസ്ഥന്മാരിലും സിഐഎ ഓഫീസര്‍മാര്‍ക്കും ഹവാന സിന്‍ഡ്രോം സ്ഥീരീകരിച്ചിട്ടുണ്ട്.
വിദേശങ്ങളിലെ നയതന്ത്രജ്ഞര്‍ക്കും ബാധിച്ചതായി പറയപ്പെടുന്നു. കേള്‍വി തകരാര്‍, തലകറക്കം, ശരീരത്തിലെ തുലനാവസ്ഥ നഷ്ടപ്പെടുക, ഉറക്കമില്ലായ്മ, തലവേദന, ചെവി വേദന, തലയ്ക്കുള്ളില്‍ മര്‍ദ്ദം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
യു.എസിന്റെ ആയിരത്തിലേറെ നയതന്ത്ര, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരേയും ചാരന്മാരെയും സൈനികരെയും കുടുംബാംഗങ്ങളെയും ബാധിക്കുകയുണ്ടായി.

