രണ്ടു ക്രിസ്ത്യന്‍ സഹോദരങ്ങളെ തെറ്റായ മതനിന്ദാ കേസില്‍ നിന്നും വെറുതേ വിട്ടു
ലാഹോര്‍: പാക്കിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം ജറാന്‍വാലയിലെ ക്രിസ്ത്യന്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും, ആരാധനാലയങ്ങളും അക്രമിക്കപ്പെട്ടതിനു കാരണമായ തെറ്റായ മതനിന്ദ ആരോപണകേസില്‍ നിന്നും രണ്ടു ക്രിസ്ത്യന്‍ സഹോദരന്മാരെ വെള്ളിയാഴ്ച പാക്കിസ്ഥാന്‍ കോടതി വെറുതേവിട്ടു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഏലിയാസ് റോക്കി എന്ന ഉമര്‍ സലിമിനെയും ഏലിയാസ് രാജ എന്ന ആളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് ഫൈസലാബാദ് തീവ്രവാദി വിരുദ്ധ കോടതി ജഡ്ജി മുഹമ്മദ് ഹുസൈന്‍ ഉത്തരവിട്ടു.
സഹോദരന്മാര്‍ സ്വതന്ത്രരാണ്. ഇപ്പോള്‍ അവരുടെ കുടുംബത്തോടൊപ്പമാണ്. ഇവര്‍ക്കുവേണ്ടി വാദിച്ച അറ്റോര്‍ണി താഹിര്‍ ബഷീര്‍ പറഞ്ഞു.
എന്നിരുന്നാലും അവരുടെ ജീവന് ഗുരുതരമായ ഭീഷണിയുള്ളതിനാല്‍ ജറന്‍വാലായിലേക്കു മടങ്ങുന്നത് അവര്‍ക്ക് സുരക്ഷിതമല്ല. വ്യാജ മതനിന്ദാ കേസ് ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 16-ന് മുസ്ളീം കലാപകാരികള്‍ ജറന്‍വാലായില്‍ കടുത്ത ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നു.
ഡസന്‍ കണക്കിനു ക്രിസ്ത്യന്‍ ഭവനങ്ങളും 20 ഓളം ആരാധനാലയങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫൈസലാബാദ് പോലീസ് 300 ലധികം പ്രതികളെ കസ്റ്റഡിയിലെടുത്തു. പഞ്ചാബ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടു കോടതി നിരസിച്ചു.
പോലീസ് അന്വേഷണം നടത്തിയ രീതിയും കുറ്റവാളികളെ തിരിച്ചറിയുന്നതില്‍ പ്രകടമായ മടിയും സേനയ്ക്ക് അപകീര്‍ത്തി വരുത്തുമെന്ന് ജസ്റ്റിസുമാര്‍ ചൂണ്ടിക്കാട്ടി.