മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു കേസ്; 7 പേര് റിമാന്‍ഡില്‍
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ സ്ത്രീകളടക്കം ഏഴ് ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റു ചെയ്തു. മത പരിവര്‍ത്തനത്തിനു ശ്രമം നടത്തുന്നു എന്നാരോപിച്ചായിരുന്നു അറസ്റ്റ്.
ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയവരെയും യോഗത്തില്‍ പങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
മദ്ധ്യപ്രദേശിലെ റെയ്സണ്‍ ജില്ലയിലെ സത്ലാപൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് നരേന്ദ്രസിംഗ് താക്കൂര്‍, സമീര്‍ മെഹ്റ എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് രണ്ട് സ്ത്രീകളടക്കം ഏഴു പേരെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സത്ലപൂരിലെ സര്‍ക്കാര്‍ സ്കൂളിന് സമീപമുള്ള കേസരി പ്രസാദ് നഹാര്‍ മുന്‍ഷി എന്ന വ്യക്തിയുടെ വീട്ടിലാണ് പ്രാര്‍ത്ഥനാ യോഗം സംഘടിപ്പിച്ചത്.
പരാതിക്കാരായ നരേന്ദ്ര സിംഗ് താക്കറെയും, സമീര്‍ മെഹ്റയെയും പ്രലോഭിപ്പിച്ച് ഇവിടെയെത്തിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
ഇവര്‍ ഹിന്ദുത്വ സംഘടനകളോട് ഇക്കാര്യം അറിയിക്കുകയും പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയുമായിരുന്നു.
മദ്ധ്യപ്രദേശ് മതംമാറ്റ നിരോധന നിയമത്തിലെ സെക്ഷന്‍ 3/5 പ്രകാരമാണ് ചന്ദുലാല്‍ സാന്വാനെ, സാന്ദാബായ്, പ്രദീപ് ബെന്‍സാല്‍, വിജയ് ചൌധരി, ഉമാ ചൌധരി, കൈലാഷ് മുന്‍ഷി, കേസരി പ്രസാദ് നഹര്‍ എന്നിവരെ അറസ്റ്റു ചെയ്തത്.
സ്ത്രീകളെ ജയിലിലും പുരുഷന്മാരെ ഗൌഹര്ഗഞ്ച് സബ് ജയിലിലുമാണ് റിമാന്‍ഡ് ചെയ്തത്.

